മോദി അമേരിക്കയിൽ പറഞ്ഞത്, മണിപ്പുർ ജനതയെ നോക്കി പറയണം: മാർ ജോസഫ് പാംപ്ലാനി
തലശേരി: മണിപ്പുർ സംഘർഷത്തിൽ രൂക്ഷ വിമർശനവുമായി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. മണിപ്പുരിൽ നടക്കുന്നത് ആസൂത്രിത കലാപമാണ്. ക്രൈസ്തവ ദേവാലയങ്ങളാണ് അക്രമകാരികൾ ലക്ഷ്യമിടുന്നതെന്നും മാർ ജോസഫ് പാംപ്ലാനി മാധ്യമങ്ങളോട് പറഞ്ഞു.
ഭരണഘടന തരുന്ന സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത് രാജ്യം ഭരിക്കുന്ന സർക്കാരുകളാണ്. പ്രധാനമന്ത്രി അമേരിക്കയിൽ പോയപ്പോൾ പറഞ്ഞു ഇന്ത്യയിൽ വിവേചനം ഇല്ലെന്ന്. അത് മണിപ്പുരിൽ കഷ്ടത അനുഭവിക്കുന്ന ജനതയെ നോക്കി പറയണമെന്നും മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.
പ്രധാനമന്ത്രി ഏതൊക്കെ കാര്യത്തിൽ പ്രതികരിക്കണം പ്രതികരിക്കേണ്ട എന്നതൊക്കെ തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. എന്നാൽ ശരിയായ ഇടപെടലിലൂടെ നാട്ടിൽ സമാധാനം ഉറപ്പുവരുത്താൻ പ്രധാനമന്ത്രി ശ്രമിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യമെന്നും തലശേരി ആർച്ച് ബിഷപ് പറഞ്ഞു.
ഏക സിവിൽ കോഡിനെതിരേയും മാർ ജോസഫ് പാംപ്ലാനി രംഗത്തുവന്നു. സിവിൽ കോഡ് ഏകപക്ഷീയമായി നടപ്പാക്കരുത്. എല്ലാവരെയും വിശ്വാസത്തിലെടുത്ത് വേണം നടപ്പിലാക്കാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave A Comment