പ്രാദേശികം

നാപ്കിൻ വെൻഡിങ് മെഷീനുമായി വിദ്യാർഥികൾ

വെള്ളാങ്ങല്ലൂർ : വള്ളിവട്ടം യൂണിവേഴ്സൽ എൻജിനീയറിങ് കോളേജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഓട്ടോമാറ്റിക് നാപ്കിൻ വെൻഡിങ് മെഷീൻ നിർമിച്ചു. അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികളാണ് ഉപകരണം ഉണ്ടാക്കിയത്. നാപ്കിന്റെ വിലയ്‌ക്ക് അനുസരിച്ചുള്ള നാണയങ്ങൾ മെഷീനിൽ നിക്ഷേപിച്ചാൽ നാല് സെക്കൻഡുകൾക്കുള്ളിൽ നാപ്കിൻ ലഭ്യമാകുമെന്ന് വിദ്യാർഥികൾ പറഞ്ഞു.

വിലയും മെഷീനിൽ അവശേഷിക്കുന്ന നാപ്കിനുകളുടെ എണ്ണവും യന്ത്രത്തിൽ ഉറപ്പിച്ചിട്ടുള്ള ഡിസ്‌പ്ളേയിൽനിന്ന് അറിയാൻ സാധിക്കും. നാണയം ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഗൂഗിൾപേ, ഫോൺപേ പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്ന വിധത്തിലുള്ള സോഫ്റ്റ്‌വേർ രൂപകല്പനയിലാണ് വിദ്യാർഥികൾ.

വിവിധ കടകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാളുകൾ എന്നിവിടങ്ങളിൽ സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന വിധമാണ് യന്ത്രം ഉണ്ടാക്കിയത്. കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ജോസ് കെ. ജേക്കബിന് വിദ്യാർഥികൾ യന്ത്രം കൈമാറി.

Leave A Comment