നവകേരള സദസ്സ്: ഫണ്ട് നൽകേണ്ടതില്ലെന്ന് കുഴൂര്‍,പൊയ്യ പഞ്ചായത്തുകളുടെ തീരുമാനം
മാള: നവകേരള സദസ്സിന് ഫണ്ട് നൽകേണ്ടതില്ലെന്ന് കുഴൂര്‍,പൊയ്യ പഞ്ചായത്തുകളുടെ തീരുമാനം. ഫണ്ട് നൽകേണ്ടതില്ലെന്ന പൊയ്യ ഗ്രാമ പഞ്ചായത്തിലെ തീരുമാനത്തില്‍ പ്രതിപക്ഷം വിയോജിച്ചു. പഞ്ചായത്ത് അംഗങ്ങളായ എ.എസ്.വിജീഷ്, രമ ബാബു, റഹ്മത്ത് ചൊവ്വര, സിബി ഫ്രാൻസിസ്, പ്രിയ ജോഷി എന്നിവരാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്.നവകേരള സദസ്സ് നടത്തുന്ന ചിലവിലേക്കായി അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ 50,000 രൂപ നല്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ പൊയ്യ ഗ്രാമ പഞ്ചായത്തിൽ ദൈനം ദിന പ്രവർത്തനങ്ങളായ കുടിവെള്ളം, ക്ഷേമ പെൻഷനുകൾ, ഉപ്പുവെള്ള ബണ്ട് , അതിദരിദ്രർ, ലൈഫ് ഭവന പദ്ധതി, സ്ട്രീറ്റ് ലൈറ്റ് മെയിന്റനൻസ്, റോഡിന്റെ ഇരു വശങ്ങളിലുമായി നിൽക്കുന്ന കാടുകൾ വെട്ടി വൃത്തിയാക്കൽ എന്നിവയ്‌ക്കെല്ലാം ഫണ്ടില്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ നവകേരള സദസ്സിന് തുക നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

Leave A Comment