പ്രാദേശികം

മാളയിലെ കായിക പ്രതീക്ഷകൾക്കിടെ രാഷ്ട്രീയ ഭിന്നതയും

മാള: കെ. കരുണാകരൻ സ്മാരക സ്റ്റേഡിയം വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതിനുള്ള സാധ്യതകൾ സജീവമാകുന്നതിനിടെ മാള ഗ്രാമപഞ്ചായത്തിൽ വിഷയത്തെ ചൊല്ലി ഭരണസമിതിയും പ്രതിപക്ഷവും വ്യത്യസ്ത നിലപാടുകളിലാണെന്ന സൂചനകൾ പുറത്തുവരുന്നു. യുവജന-കായിക-പുരാവസ്തു വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് ഡീ-നോട്ടിഫിക്കേഷൻ നടപടികൾക്കായി പഞ്ചായത്ത് പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിൽ പഞ്ചായത്തിന്റെ തുടർനടപടികൾ എന്തായിരിക്കുമെന്ന ആകാംക്ഷ ശക്തമാണ്.


മാള പ്രസ് ക്ലബ് സംഘടിപ്പിച്ച സ്വീകരണ യോഗത്തിലാണ് സ്റ്റേഡിയം വീണ്ടും പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നതിനുള്ള നടപടികൾക്ക് പഞ്ചായത്ത് പ്രമേയം അനിവാര്യമാണെന്ന് മന്ത്രി വ്യക്തമാക്കിയത്. കായിക-പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥതലത്തിൽ ആദ്യഘട്ട യോഗം ചേർന്നതായും തുടർചർച്ചകൾ ഉടൻ നടക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.


എന്നാൽ വിഷയത്തിൽ കോടതിയിൽ നിയമപോരാട്ടം തുടരുന്നതിനാൽ പ്രതികരിക്കാനില്ലെന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ പ്രതികരിച്ചത്. പ്രസിഡന്റിന്റെ ഈ നിലപാട് സ്റ്റേഡിയം വിഷയത്തിൽ പഞ്ചായത്ത് നേതൃത്വം വ്യക്തമായ തീരുമാനം കൈക്കൊള്ളാൻ തയ്യാറാകുന്നില്ലെന്ന വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.


അതേസമയം, പഞ്ചായത്ത് തലത്തിൽ സ്റ്റേഡിയം വിഷയത്തിൽ തുടർനടപടികളുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ അംഗങ്ങളും സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരുമായ ജോഷി കാഞ്ഞൂത്തറയും ടി.കെ. ജിനേഷും മീഡിയ ടൈമിനോട് പറഞ്ഞു. സ്റ്റേഡിയം പരിസരത്ത് കാട് പിടിച്ചുകിടക്കുന്ന സ്ഥലങ്ങൾ വെട്ടി ശുചീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിഷയത്തെ പഞ്ചായത്ത് കമ്മിറ്റി യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നുവെന്നും അവർ വ്യക്തമാക്കി.


ഇതോടെ സ്റ്റേഡിയം വിഷയത്തിൽ ഭരണസമിതിയും പ്രതിപക്ഷവും വ്യത്യസ്ത സമീപനങ്ങളാണ് സ്വീകരിക്കുന്നതെന്ന വിലയിരുത്തൽ ശക്തമായിരിക്കുകയാണ്. ഒരു ഭാഗത്ത് സ്റ്റേഡിയം പുനരുജ്ജീവനത്തിനായി നടപടികൾ വേണമെന്ന ആവശ്യം ഉയരുമ്പോൾ, മറുഭാഗത്ത് നിയമപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രതികരണങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്ന സമീപനമാണ് പഞ്ചായത്ത് നേതൃത്വത്തിന്റേതെന്നാണ് വിമർശനം.


ജൂത സമൂഹം മാള പഞ്ചായത്തിന് കൈമാറിയ സ്ഥലത്താണ് സ്റ്റേഡിയം പദ്ധതി ആരംഭിച്ചത്. നാല് ഏക്കർ സ്ഥലത്തിൽ മൂന്ന് ഏക്കറിലാണ് സ്റ്റേഡിയം വികസന പദ്ധതി വിഭാവനം ചെയ്തത്. ശേഷിക്കുന്ന ഒരേക്കർ സ്ഥലത്ത് ജൂത കല്ലറകൾ ഉൾപ്പെട്ടിരുന്നതിനാൽ അവിടെ സൗന്ദര്യവത്കരണ പദ്ധതികളാണ് ലക്ഷ്യമിട്ടിരുന്നത്.


2005-ൽ ജവഹർലാൽ നെഹ്റു മിനി സ്റ്റേഡിയമായി ആരംഭിച്ച പദ്ധതി പിന്നീട് കെ. കരുണാകരൻ സ്മാരക സ്റ്റേഡിയമായി വികസിപ്പിക്കപ്പെട്ടു. തുടർന്ന് അന്തർദേശീയ നിലവാരത്തിലുള്ള ഗ്രാമീണ സ്റ്റേഡിയം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ സ്പോർട്സ് കൗൺസിൽ 8.50 കോടി രൂപയുടെ വികസനപദ്ധതി തയ്യാറാക്കി. രണ്ട് കോടി രൂപ ചെലവഴിച്ച് ഇൻഡോർ സ്റ്റേഡിയവും ശൗചാലയ ബ്ലോക്കും നിർമിക്കുകയും 35 ലക്ഷം രൂപ ചെലവഴിച്ച് ട്രാക്കിന്റെ അടിസ്ഥാന ജോലികൾ പൂർത്തിയാക്കുകയും ചെയ്തു.

എന്നാൽ പുരാവസ്തു-പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഭരണതല തടസ്സങ്ങളും ഉയർന്നതോടെ പദ്ധതി നിലച്ചു. നിലവിൽ സ്റ്റേഡിയം പരിസരം കാടുകയറി ഉപയോഗശൂന്യമായ അവസ്ഥയിലാണ്.

സ്റ്റേഡിയം വിഷയത്തിനൊപ്പം മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായ മാള സിനഗോഗിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളും മന്ദഗതിയിലാണ്. പൈതൃക സംരക്ഷണത്തിന്റെ പേരിൽ വർഷങ്ങളായി നീളുന്ന നടപടികൾക്ക് വേഗം കൂട്ടാൻ ശക്തമായ ഭരണതല ഇടപെടൽ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

കായികം, പുരാവസ്തു, മ്യൂസിയം വകുപ്പുകൾ ഒരേ മന്ത്രിയുടെ കീഴിലെത്തിയ സാഹചര്യത്തിൽ സ്റ്റേഡിയം പദ്ധതിക്കും സിനഗോഗ് പുനരുദ്ധാരണത്തിനും പുതുജീവൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. എന്നാൽ സ്റ്റേഡിയം വിഷയത്തിൽ പഞ്ചായത്തിനകത്തെ ഭിന്നതകൾ പരിഹരിക്കപ്പെടുകയും ഏകോപിത നിലപാട് രൂപപ്പെടുകയും ചെയ്താൽ മാത്രമേ വർഷങ്ങളായി കാത്തിരിക്കുന്ന മാളയുടെ കായിക സ്വപ്നങ്ങൾ യാഥാർഥ്യത്തിലേക്ക് നീങ്ങുകയുള്ളുവെന്നാണ് വിലയിരുത്തൽ.


Leave A Comment