ദേശീയം

വാലന്റൈന്‍സ് ദിനത്തില്‍ ബോയ്ഫ്രണ്ട് ഇല്ലാത്തവർക്ക് വെറും 389 രൂപയ്ക്ക് ബോയ്ഫ്രണ്ട്

ബാംഗ്ലൂർ: പ്രണയദിന ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ് ലോകമെങ്ങും.വാലന്റൈന്‍സ് ദിനം ഇന്ത്യയിലെ കമിതാക്കളും വലിയ രീതിയിൽ തന്നെയാണ് ആഘോഷിക്കുന്നത്. ലോകത്തെ വിവിധയിടങ്ങളില്‍ കമിതാക്കള്‍ക്കായി പ്രത്യേക ആഘോഷങ്ങളും പാര്‍ട്ടികളും നടക്കുന്നുണ്ട്. വാലന്റൈന്‍സ് ദിനത്തില്‍ പങ്കാളിക്ക് സമ്മാനിക്കാനുള്ള സമ്മാനങ്ങള്‍ക്കും വൈവിധ്യങ്ങളേറെ. സോഷ്യല്‍ മീഡിയയും വാലന്റൈന്‍സ് ദിന പോസ്റ്റുകളാല്‍ സമ്പന്നമാണ്. എന്നാല്‍ ഇക്കൂട്ടത്തില്‍ യുവതികള്‍ക്കായി ബെംഗളൂരുവില്‍ നിന്നുള്ള ഒരു വാലന്റൈന്‍സ് ദിന പരസ്യം ഏറെ ശ്രദ്ധ നേടുകയാണ്.

വാലന്റൈന്‍സ് ദിനത്തില്‍ നിങ്ങള്‍ക്ക് ഒന്നിച്ച് പാര്‍ട്ടിക്കും മറ്റും പോകാന്‍ ബോയ്ഫ്രണ്ടിനെ വാടകയ്ക്ക് ലഭിക്കും (റെന്റ് എ ബോയ്ഫ്രണ്ട്) എന്നാണ് ഈ പരസ്യം.

വാലന്റൈന്‍സ് ദിനത്തോടടുത്ത് ബെംഗളൂരുവിലെ ജയനഗര്‍ പ്രദേശത്താണ് ഈ പോസ്റ്റര്‍ വ്യാപകമായി പ്രചരിച്ചത്. കാമുകിമാരും കാമുകന്മാരും ഉള്‍പ്പെടെയുള്ളവരെ വാടകയ്ക്കെടുക്കുന്ന പ്രവണത നിരവധി രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെയുണ്ട്. പ്രത്യേകിച്ചും ചൈന, ജപ്പാന്‍, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ഇതിന് പ്രചാരം വര്‍ധിച്ചുവരികയാണ്. ഇപ്പോഴിതാ ഇന്ത്യയിലും ഇത്തരം പ്രവണതകള്‍ ഉണ്ടാകുന്നുവെന്നതിന്റെ തെളിവാണ് ബെംഗളൂരുവിലെ ഈ പരസ്യം.സമീപകാലത്തായി പങ്കാളികളെ വാടകയ്ക്കെടുക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനുകളും വെബ്സൈറ്റുകളും ഇന്ന് സൈബര്‍ ലോകത്ത് സുലഭമാണ്. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ ബെംഗളൂരുവില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

389 രൂപയ്കക്ക് ഒരു ദിവസത്തേക്ക് ബോയ്ഫ്രണ്ടിനെ വാടകയ്ക്ക് ലഭിക്കുമെന്നാണ് പരസ്യത്തില്‍ പറയുന്നത്. പോസ്റ്ററില്‍ പതിച്ചിരിക്കുന്ന ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഈ സേവനം ഉപയോഗിക്കാം.ബെംഗളൂരുവിലെ ജയനഗര്‍, ബനശങ്കരി, ബിഡിഎ സമുച്ചയങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ഈ പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെതിരേ സമീപവാസികള്‍ രംഗത്തെത്തിയിട്ടുണ്ട്. നിരവധി പേരാണ് ബെംഗളൂരു പോലീസിനെ ടാഗ് ചെയ്ത് ഈ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. 

Leave A Comment