കൊച്ചി കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനം; കോണ്‍ഗ്രസില്‍ അതൃപതി രൂക്ഷം
കൊച്ചി: കൊച്ചി കോർപ്പറേഷനിലെ മേയർ പദവിയെ ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാവുകയാണ്. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ മേയർ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിനെതിരെ എറണാകുളം ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മേയറെ നിശ്ചയിച്ചതെന്ന് ആരോപിച്ച് ദീപ്തി മേരി വർഗീസ് കെപിസിസി പ്രസിഡന്റിന് ഔദ്യോഗികമായി പരാതി നൽകി.
നിലവിലെ തീരുമാനപ്രകാരം കൊച്ചി മേയർ സ്ഥാനം രണ്ടര വർഷം വീതം രണ്ടുപേർക്കായി പങ്കിട്ടെടുക്കാനാണ് കോൺഗ്രസ് ജില്ലാ നേതൃത്വം ധാരണയിലെത്തിയിരിക്കുന്നത്. ഇതനുസരിച്ച് ആദ്യത്തെ രണ്ടര വർഷം വി.കെ. മിനിമോളും ശേഷിക്കുന്ന കാലാവധി ഷൈനി മാത്യുവും മേയർമാരാകും. കെപിസിസി സർക്കുലർ പ്രകാരം മുതിർന്ന ഭാരവാഹികൾക്ക് മുൻഗണന നൽകണമെന്നിരിക്കെ അത് ലംഘിക്കപ്പെട്ടുവെന്നാണ് ദീപ്തിയുടെ പ്രധാന പരാതി.
എന്നാൽ ജില്ലയിലെ ഈ രാഷ്ട്രീയ സാഹചര്യത്തിൽ പെട്ടെന്ന് ഇടപെടാൻ കെപിസിസി തയ്യാറായേക്കില്ല എന്നാണ് സൂചന. തർക്കം പരിഹരിക്കാൻ ദീപ്തിക്ക് കൊച്ചി മെട്രോപൊളിറ്റൻ ആസൂത്രണ സമിതി അധ്യക്ഷ പദവി പോലുള്ള മറ്റ് ഉത്തരവാദിത്തങ്ങൾ നൽകി അനുനയിപ്പിക്കാനുള്ള നീക്കങ്ങളും അണിയറയിൽ നടക്കുന്നുണ്ട്.
മേയർ പദവിക്ക് പുറമെ ഡെപ്യൂട്ടി മേയർ സ്ഥാനവും ദീപക് ജോയ്, കെ.വി.പി. കൃഷ്ണകുമാർ എന്നിവർക്കായി പങ്കിട്ടു നൽകാനാണ് തീരുമാനം. ഭരണത്തിന്റെ തുടക്കത്തിൽ തന്നെ കോൺഗ്രസിനുള്ളിലുണ്ടായ ഈ ചേരിതിരിവ് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
Leave A Comment