മന്ത്രിപത്നിയ്ക്ക് പോലും നീതി ലഭിക്കുന്നില്ല; മുഖ്യമന്ത്രി മറുപടി പറയണം: സതീശൻ
തിരുവനന്തപുരം: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ ഭാര്യ ബിന്ദു മേനോന്റെ ആരോപണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണം. ഇതിനെ മൗനംകൊണ്ട് മറികടക്കാമെന്ന് വ്യാമോഹിക്കേണ്ട.
മന്ത്രിയുടെ ഭാര്യക്ക് നീതി ലഭിച്ചില്ല, പിന്നെ കേരളത്തിലെ ഏത് സ്ത്രീക്കാണ് നീതി ലഭിക്കുകയെന്നും സതീശൻ ചോദിച്ചു. ഗണേഷ് കുമാറിന്റെ ഭാര്യയുടെ പരാതി വ്യക്തിപരമല്ല. സ്ത്രീയുടെ പരാതിയാണിതെന്നും സതീശൻ പറഞ്ഞു.
അതേസമയം ഗണേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി രാജി എഴുതി വാങ്ങണം. ഗണേഷ് കുമാറിന്റെ ഭാര്യ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങളാണ്. മൂന്ന് ദിവസമായി പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ട്. എന്തുകൊണ്ട് മുഖ്യമന്ത്രി നടപടി എടുത്തില്ല.
മുഖ്യമന്ത്രിയുടെ മകളെ വിളിച്ച് കാര്യം വിശദീകരിച്ചുവെന്നാണ് പറയുന്നത്. മൂന്ന് ദിവസം പിണറായി വിജയൻ ഉറങ്ങുകയായിരുന്നു. ഇതാണോ കേരളത്തിലെ സ്ത്രീ സുരക്ഷ. മന്ത്രിയുടെ ഭാര്യക്ക് പോലും സുരക്ഷിതത്വം ഇല്ല. പരാതിയുടെ പുറത്ത് മുഖ്യമന്ത്രി അടയിരിക്കുകയാണ്.
യുഡിഎഫ് ഗവൺമെന്റിന്റെ കാലത്ത് ഗണേഷിന്റെ രാജി വാങ്ങിയത് എന്തിനെന്ന് ഇപ്പോൾ മനസ്സിലായല്ലോയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഗണേഷിന്റെ ഭാര്യ വെളിപ്പെടുത്തിയത് കേട്ടാൽ അറയ്ക്കുന്ന കാര്യങ്ങളാണ്. മന്ത്രിയുടെ ഭാര്യക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാർക്ക് എന്താകും ഗതിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Leave A Comment