മറ്റത്തൂരിൽ കോണ്‍ഗ്രസ് ബിജെപിക്കൊപ്പം പോയിട്ടില്ല; മുഖ്യമന്ത്രിക്ക് സതീശന്റെ മറുപടി
കൊച്ചി: മറ്റത്തൂരിലെ ബിജെപിയുടെ ഓപ്പറേഷൻ ലോട്ടസ് ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡീ സതീശൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തോറ്റ് തൊപ്പിയിട്ട് ഇട്ടിരിക്കുമ്പോഴും പരിഹാസം പറയുന്നതിലാണ് മുഖ്യമന്ത്രിക്ക് താത്പര്യമെന്നും തോറ്റിട്ടില്ല എന്ന് വിചാരിച്ചാണ് മുഖ്യമന്ത്രിയും സര്‍ക്കാരും ഇരിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.
തോൽവിയെ കുറിച്ചാണ് എൽഡിഎഫ് പഠിക്കേണ്ടത്. ഒന്നും കിട്ടാത്തതുകൊണ്ട് മറ്റത്തൂര്‍ പഞ്ചായത്തിലുണ്ടായ കാര്യം പറയുകയാണ്. മറ്റത്തൂരിൽ കോണ്‍ഗ്രസിലെ ആരും ബിജെപിയിലേക്ക് പോയിട്ടില്ല. രണ്ട് കോണ്‍ഗ്രസ് വിമതർ അവിടെ ജയിച്ചു. അതിൽ ഒരു വിമതനെ സിപിഎം പഞ്ചായത്ത് പ്രസിഡണ്ടാക്കാൻ ശ്രമിച്ചു. മറ്റൊരു കൂട്ടർ മറ്റൊരു വിമതനെ പ്രസിഡൻറ് ആക്കാൻ പിന്തുണ കൊടുത്തു. ഇതാണ് അവിടെ സംഭവിച്ചത്.
അവിടെ പാർട്ടി തീരുമാനത്തെ ലംഘിച്ചാണ് അവർ ചെയ്തത്. അതല്ലാതെ ആരും ബിജെപിയിലേക്ക് പോയിട്ടില്ല. ബിജെപിയിലേക്ക് അവർ പോകണമെന്നാണ് മുഖ്യമന്ത്രിയുടെ ആഗ്രഹം. ബിജെപിയെ ശക്തിപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മോദിയും അമിത്ഷായും എവിടെ ഒപ്പിടാൻ പറഞ്ഞാലും മുഖ്യമന്ത്രി ഒപ്പിടും.
ഒരു കോൺഗ്രസുകാരും ബിജെപിയിൽ പോയിട്ടില്ല.മറ്റത്തൂരിൽ കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് ഭരണം പിടിച്ച സംഭവത്തിലാണ് വിഡി സതീശന്‍റെ പ്രതികരണം.
Leave A Comment