'സിപിഐ ചതിയൻ ചന്തു; എല്ലാം നേടി, ഇപ്പോള്‍ തള്ളിപ്പറയുന്നു': വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: സിപിഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എൻഎൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചതിയൻ ചന്തുമാരാണ് സിപിഐയെന്നും പത്തുവർഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ സര്‍ക്കാരിനെ തള്ളിപ്പറയുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വിമർശിക്കേണ്ടത് പാർട്ടിക്കുള്ളിൽ ആണെന്നും പുറത്തല്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വര്‍ക്കല ശിവഗിരി മഠത്തിന്‍റെ വാര്‍ഷിക പരിപാടിക്കുശേഷം മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
അയ്യപ്പ സംഗമത്തിൽ മുഖ്യമന്ത്രിക്കൊപ്പം കാറിൽ കയറിയതിൽ എന്താണ് തെറ്റെന്നും വെള്ളാപ്പള്ളി ചോദിച്ചു. താൻ അയിത്ത ജാതിക്കാരനാണോയെന്നും ഉയര്‍ന്ന ജാതിക്കാരൻ കയറിയെങ്കിൽ നിങ്ങള്‍ പ്രശ്നമാക്കുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. മൂന്നാമതും പിണറായി തന്നെ അധികാരത്തിൽ വരുമെന്നും ഇനിയും അത് പറയാൻ തയാറാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
അതേസമയം, മലപ്പുറം പരാമര്‍ശത്തിൽ പ്രതികരണം തേടിയ മാധ്യമങ്ങളോട് വെള്ളാപ്പള്ളി ക്ഷുഭിതനായി. മൈക്ക് തട്ടി മാറ്റിയശേഷം അവിടെ നിന്ന് വെള്ളാപ്പള്ളി കാറിൽ കയറിപോവുകയായിരുന്നു.
Leave A Comment