വടക്കാഞ്ചേരി കോഴ: രണ്ട് സിപിഎം എംഎൽഎമാർക്കും പങ്കുണ്ടെന്ന് ആരോപണം
തൃശൂര്‍: വടക്കാഞ്ചേരി തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ എംഎൽഎമാരായ എ.സി. മൊയ്തീന്, സേവ്യര്‍ ചിറ്റിലപ്പിള്ളി എന്നിവർക്കു പങ്കുണ്ടെന്ന ആരോപണവുമായി കോഴവിവാദ ഫോണ്‍ സംഭാഷണം പുറത്തുവിട്ട പി.ഐ. ഷാനവാസ്. വള്ളത്തോള്‍നഗര്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്കൂടിയാണു ഷാനവാസ്.
തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ശേഷം എ.സി. മൊയ്തീന്റെയും സേവ്യര്‍ ചിറ്റിലപ്പിള്ളിയുടെയും ദൂതൻ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ വിജയിച്ച ലീഗ് സ്വതന്ത്രൻ ഇ.യു. ജാഫറുമായി ബന്ധപ്പെട്ടെന്നാണ് ആരോപണം.
അതിനു ശേഷമാണു ഡീൽ ഉറപ്പിച്ചതെന്നും പറയുന്നു. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നശേഷമുള്ള ജാഫറിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിച്ചാല്‍ എ.സി. മൊയ്തീന്റെ പങ്ക് മനസിലാകും. തന്റെ കൈവശമുള്ള ഫോണ്‍ സംഭാഷണം വിജിലന്‍സിനു കൈമാറും.
രാഷ്ട്രീയമായി വിഷയത്തെ നേരിടാനാണു തീരുമാനം. ജനാധിപത്യത്തെ അട്ടിമറിക്കുന്ന രീതി തുടരാന്‍ അനുവദിക്കില്ലെന്നും സംഭവത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഷാനവാസ് കൂട്ടിച്ചേര്‍ത്തു.
Leave A Comment