ഇതെങ്ങനെയിങ്ങനെയായി?, അർണബ് ഗോസ്വാമിയുടെ നിലപാടുമാറ്റം ചർച്ചയാകുന്നു
മുംബൈ: ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും സ്തുതിപാഠകനായി അറിയപ്പെടുന്ന റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ നിലപാടുമാറ്റം ശ്രദ്ധേയമാകുന്നു.
ഏതാനും ദിവസങ്ങളായി വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി സ്വന്തം ചാനലിലൂടെ പ്രൈംടൈം ചർച്ചയിൽ മോദിയെയും കേന്ദ്രസർക്കാരിനെയും വ്യവസായി ഗൗതം അദാനിയെയുമെല്ലാം വളരെ നിശിതമായാണു അർണബ് വിമർശിക്കുന്നത്. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം, മധ്യപ്രദേശിൽ ബിജെപി നേതാവിന്റെ മകന്റെ ആഡംബര വിവാഹം, ആരവല്ലി മലനിരകളിലെ ഖനനം തുടങ്ങിയ വിഷയങ്ങളിലാണ് സർക്കാരിനെ അർണോബ് പ്രതിക്കൂട്ടിലാക്കുന്നത്.
ആരവല്ലി മലനിരകള്‍ വന്‍കിട ബിസിനസുകാര്‍ ലാഭത്തിനുവേണ്ടി തകര്‍ക്കുകയാണെന്ന് അര്‍ണാബ് ആരോപിച്ചു. “വലിയ ശതകോടീശ്വരന്മാര്ക്കുവേണ്ടി നിയമങ്ങള്‍ തിരുത്തിക്കൊണ്ടിരിക്കുകയാണ്. അവര്‍ ബുള്‍ഡോസറുകള്‍ കൊണ്ടുവന്ന് ആരവല്ലി മലനിരകള്‍ ഇടിച്ചുനിരത്തുകയാണ്. കോടികള്‍ ഉണ്ടാക്കാന്‍വേണ്ടി പ്രകൃതിയെ തകര്‍ക്കാന്‍ ആരാണ് ഇവര്‍ക്ക് അനുവാദം നല്‍കിയത്?’’- അദാനി ഗ്രൂപ്പിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം കുറ്റപ്പെടുത്തി.
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം ഒരു ജനതയെ നിത്യരോഗികളാക്കുന്പോൾ കേന്ദ്രസർക്കാർ ഉറക്കം നടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. “രാജ്യം ഒരു ആരോഗ്യ അടിയന്തരാവസ്ഥ നേരിടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എവിടെയാണ്? എന്തുകൊണ്ട് അദ്ദേഹം ഇതില്‍ ഇടപെടുന്നില്ല? 30 കോടി ജനങ്ങളുടെ ജീവന് വച്ചാണ് കളിക്കുന്നത്. ഞങ്ങള്‍ക്കു വേണ്ടത് നേതൃത്വമാണ്, മൗനമല്ല”. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം കോവിഡിനെക്കാൾ വലിയ ആരോഗ്യഭീഷണിയാണു സൃഷ്ടിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
ആരവല്ലി മലനിരകളെ ഖനനത്തിനായി കോർപറേറ്റുകൾക്ക് വിട്ടുകൊടുക്കാനുള്ള നീക്കത്തിനെതിരേ, “നമ്മൾ വിക്സിത് ഭാരത് അല്ല, പാരിസ്ഥിതികമായി തകർന്ന ഭാരതമായി മാറും” എന്നാണ് അദ്ദേഹം റിപ്പബ്ലിക് ടിവിയിലൂടെ തുറന്നടിച്ചത്. സുപ്രീംകോടതിയുടെ പുതിയ ഉത്തരവിനെ മറയാക്കി സർക്കാർ കോർപറേറ്റുകളെ സഹായിക്കുകയാണെന്നും ശതകോടീശ്വരന്മാർക്ക് ലാഭമുണ്ടാക്കാൻ 200 കോടി വർഷം പഴക്കമുള്ള മലനിരകൾ തകർക്കുന്നത് ജനാധിപത്യമല്ലെന്നും അർണബ് ഓർമിപ്പിക്കുന്നു.
വിമർശനം പരിസ്ഥിതി വിഷയങ്ങളിൽ മാത്രമായി ഒതുങ്ങുന്നില്ല എന്നതു ശ്രദ്ധേയമാണ്. മധ്യപ്രദേശിലെ ബിജെപി എംഎൽഎ മകന്റെ വിവാഹത്തിന് കോടികളുടെ ധൂർത്ത് നടത്തിയപ്പോൾ അതേ സംസ്ഥാനത്തു ഗർഭിണികൾ ചികിത്സ കിട്ടാതെ മരിക്കുന്നതും കുട്ടികൾക്ക് ചികിത്സാപ്പിഴവിലൂടെ എച്ച്ഐവി ബാധിക്കുന്നതും ചൂണ്ടിക്കാട്ടി ബിജെപി നേതാക്കളുടെ ധാർഷ്ട്യത്തെയും അർണബ് രൂക്ഷമായി വിമർശിച്ചു.
80 കോടി രൂപയോളം പൊടിച്ച് ഇൻഡോറിൽനിന്നുള്ള ബിജെപി എംഎൽഎ ഗൊലു ശുക്ലയുടെ മകന്റെ വിവാഹം നടത്തിയതാണ് അർണബിനെ ചൊടിപ്പിച്ചത്. വിവാഹസത്കാരത്തിലെ വെടിക്കെട്ടിനു മാത്രം 70 ലക്ഷം ചെലവായെന്നാണു റിപ്പോർട്ട്. കഴിഞ്ഞ 11ന് നടന്ന വിവാഹമാമാങ്കത്തിൽ പ്രമുഖ ബിജെപി നേതാക്കളും വ്യവസായികളുമെല്ലാം പങ്കെടുത്തിരുന്നു.
ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ മോദി സർക്കാർ എന്താണു ചെയ്തതെന്നു ചോദിച്ചതിനൊപ്പം സർക്കാർ ശമ്പളം പറ്റുന്ന മറ്റു മാധ്യമപ്രവർത്തകരെ നിശിതമായി പരിഹസിക്കാനും അർണബ് തുനിഞ്ഞു.
‘വിഷയാധിഷ്ഠിതമായി നോക്കുമ്പോൾ ജനങ്ങളാണു യഥാർഥ പ്രതിപക്ഷം’ എന്ന അർണബിന്റെ വാക്കുകൾ ഭരണകൂടത്തിനുള്ള വലിയൊരു മുന്നറിയിപ്പാണ്.
ഡല്‍ഹി, ഹരിയാന, രാജസ്ഥാന്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ആരവല്ലി മലനിരകളുമായി ബന്ധപ്പെട്ട പുതിയ നിര്‍വചനം വന്‍തോതിലുള്ള ഖനനത്തിനു വഴിതുറക്കുമെന്ന ആരോപണങ്ങളെത്തുടര്‍ന്നാണു വിഷയം ചർച്ചയായത്.
ആരവല്ലി മലനിരയിൽപ്പെട്ട ജില്ലകളിലെ സമീപപ്രദേശത്തെ താഴ്ന്ന നിരപ്പില്‍നിന്ന് 100 മീറ്ററോ അതിലേറെയോ ഉയര്‍ന്ന പ്രദേശങ്ങളെ ആരവല്ലി കുന്നുകളായും 500 മീറ്റര്‍ പരിധിയില്‍ വരുന്ന കുന്നുകള്‍ ആരവല്ലി പര്വതനിരകളായും കണക്കാക്കുമെന്നു വ്യക്തമാക്കി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിനു കീഴില്‍ രൂപീകരിച്ച കമ്മിറ്റി ശിപാര്‍ശ സമർപ്പിക്കുകയും ഈ ശിപാർശകള്‍ സുപ്രീംകോടതി കഴിഞ്ഞ നവംബര്‍ അവസാനം അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിനെതിരേ വലിയ പ്രതിഷേധം നടക്കുന്നതിനിടെയാണ് അർണോബ് നിശിതവിമർശനവുമായി രംഗത്തുവന്നത്.
Leave A Comment