സിനിമ

രജനിയുടെ വിവാദചിത്രം 'ബാബ' വീണ്ടും തീയേറ്ററുകളിലേക്ക്, എത്തുന്നത് 20 വർഷത്തിന് ശേഷം

ചെന്നൈ : സുരേഷ് കൃഷ്ണയുടെ സംവിധാനത്തിൽ 2002-ൽ പുറത്തിറങ്ങിയ ചിത്രം നിർമിച്ചത് രജനീകാന്ത് തന്നെയാണ്. അന്ന് ബാബ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് നേരെ ആക്രമണങ്ങൾ നടന്നതും സിനിമയ്ക്കുവേണ്ടി നിക്ഷേപിച്ച തുകയുടെ 25 ശതമാനം രജിനീകാന്ത് മടക്കിനൽകിയതുമെല്ലാം വൻവാർത്തകളായിരുന്നു. 20 വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുന്നു എന്നുള്ളതാണ് ബാബയേക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്ത.

സൂപ്പർനാച്ചുറൽ ത്രില്ലറായൊരുങ്ങിയ ചിത്രത്തിന്റെ റീമാസ്റ്റേർഡ് പതിപ്പാണ് തിയേറ്ററുകളിലെത്തുന്നതെന്ന് അണിയറപ്രവർത്തകർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ദൈർഘ്യത്തിന്റെ പേരിൽ ഏറെ പഴികേട്ടിരുന്ന ചിത്രം ഇപ്പോഴത്തെ യുവാക്കളെ ആകർഷിക്കുന്ന തരത്തിൽ റീ എഡിറ്റ് ചെയ്തിട്ടുണ്ട്. പുതിയ ആം​ഗിളിലാണ് എഡിറ്റിം​ഗ് നടത്തിയതെന്നാണ് വാർത്താക്കുറിപ്പിൽ പറയുന്നത്. ഓരോ ഫ്രെയിമും പുത്തൻ സാങ്കേതികവിദ്യകൾ ഉപയോ​ഗിച്ച് കളർ ​ഗ്രേഡിങ് നടത്തിയതായും അവർ പറഞ്ഞു. പുതിയ പതിപ്പിന്റെ റിലീസ് എന്നായിരിക്കുമെന്ന് വ്യക്തമായിട്ടില്ല.


സംവിധായകൻ സുരേഷ് കൃഷ്ണയും രജനീകാന്തും ഒരുമിച്ച് നിൽക്കുന്നതിന്റെ ചിത്രം എന്റർടെയിൻമെന്റ് ട്രാക്കർ രമേഷ് ബാല ട്വീറ്റ് ചെയ്തു. മനീഷാ കൊയ് രാള, അമരീഷ് പുരി, ആശിഷ് വിദ്യാർത്ഥി, എം.എൻ. നമ്പ്യാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിനായി അണിനിരന്നത്. ഇവർക്ക് പുറമേ രാഘവാ ലോറൻസ്, രമ്യാകൃഷ്ണൻ, നാസർ, പ്രഭുദേവ, രാധാരവി, ശരത് ബാബു എന്നിവർ അതിഥി വേഷങ്ങളിലും എത്തിയിരുന്നു.

“ചിത്രം ബോക്സോഫീസിൽ വൻപരാജയമാണ് ഏറ്റുവാങ്ങിയത്. ഏതെങ്കിലും രാഷ്ട്രീയ ക്യാമ്പെയിന്റെ ഭാ​ഗമാണോ ചിത്രം എന്നുവരെ അക്കാലത്ത് ചർച്ച ചെയ്യപ്പെട്ടിരുന്നു. പുകവലിച്ചുകൊണ്ട് നിൽക്കുന്ന നായകന്റെ പോസ്റ്ററുകൾ യുവാക്കളെ വഴിതെറ്റിക്കുന്നതായും വിമർശനമുയർന്നു. ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ ആക്രമിക്കപ്പെടുകയും ഫിലിം റോളുകൾ അ​ഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു. ചിത്രത്തിലെ സം​ഗീതത്തേക്കുറിച്ചും ആക്ഷേപം ഉയർന്നിരുന്നു. തുടർച്ചയായ വിവാദങ്ങളേത്തുടർന്ന് അഭിനയത്തിൽ നിന്ന് രജനീകാന്ത് വിട്ടുനിന്നിരുന്നു.

Leave A Comment