കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം നടന്നേക്കും
തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം നടന്നേക്കും. മാർച്ച് ആദ്യവാരം നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും. നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാരുടെയും സംസ്ഥാന പോലീസ് മേധാവിമാരുടെയും യോഗം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ ഡൽഹിയിൽ വിളിച്ചിട്ടുണ്ട്.
കേരളത്തിൽനിന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽക്കറും സംസ്ഥാന പോലീസ് തെരഞ്ഞെടുപ്പ് നോഡൽ ഓഫീസർ എച്ച്. വെങ്കിടേഷും പങ്കെടുക്കും.
ഏപ്രിൽ ആറിനു തുടങ്ങുന്ന ആഴ്ചയാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പു നടത്താൻ ഉചിതമെന്നാണ് ശിപാർശ. ഏപ്രിൽ ആദ്യ ദിവസങ്ങൾ പെസഹവ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ ദിനങ്ങളാണ്. ഇതിനു ശേഷമുള്ള ആഴ്ച തെരഞ്ഞെടുപ്പിന് ഉചിതമാണ്.
മൂന്നാം വാരത്തിൽ വിഷുവും വരുന്നുണ്ട്. പിന്നീട് തൃശൂർ പൂരം കൂടി കഴിഞ്ഞ ശേഷം ഏപ്രിൽ അവസാന വാരമേ സംസ്ഥാനത്തു തെരഞ്ഞെടുപ്പു നടത്താനാകൂ. തൃശൂർ പൂരത്തിന് പോലീസ് വിന്യാസം കൂടുതലായി വേണ്ടിവരും. കേന്ദ്രസേനയും വേണ്ടിവരും.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് ഒറ്റഘട്ടമായാണ് നടത്തിയത്. മാർച്ച് ആദ്യം വിജ്ഞാപനവും ഇറക്കിയിരുന്നു. ഇതേ മാതൃക തന്നെയാകും ഇത്തവണയും പിന്തുടരുകയെന്നാണു സൂചന.
നിയമസഭാ തെരഞ്ഞെടുപ്പു മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലാ കളക്ടർമാരുടെയും ജില്ലാ പോലീസ് മേധാവിമാരുടെയും സംസ്ഥാന പോലീസ് മേധാവി നിശ്ചയിച്ച തെരഞ്ഞെടുപ്പ് നോഡൽ ഓഫീസറായ എഡിജിപിയുടെയും യോഗം ഇന്നലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചു ചേർത്തിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനു സുരക്ഷ ഒരുക്കുന്നതിനുള്ള പോലീസ് ക്രമീകരണവുമായി ബന്ധപ്പെട്ടായിരുന്നു യോഗം. സംസ്ഥാനത്താകെ സുരക്ഷ ഒരുക്കുന്നതിനുള്ള പോലീസ് ക്രമീകരണം, ബൂത്തുകളുടെ സുരക്ഷ, ബൂത്തിനു പുറത്ത് ഒരുക്കേണ്ട സുരക്ഷാ ക്രമീകരണം തുടങ്ങിയവയ്ക്കായി പോലീസുകാരെ വിന്യസിക്കേണ്ടതുണ്ട്.
സംസ്ഥാനത്താകെ 30,773 ബൂത്തുകളാണുള്ളത്. 5,003 പുതിയ ബൂത്തുകൾ ക്രമീകരിച്ചതടക്കമാണിത്. സാധാരണ പോളിംഗ് ബൂത്തുകൾ കൂടാതെ പ്രശ്നബാധിത ബൂത്തുകളടക്കമുള്ളവയുടെ പട്ടിക തയാറാക്കലും സുരക്ഷാ ക്രമീകരണം ഒരുക്കലും വേണ്ടിവരും.
കളക്ടർമാരും എസ്പിമാരും ജില്ലകളിലെ സുരക്ഷ സംബന്ധിച്ചു വ്യത്യസ്ത റിപ്പോർട്ടുകൾ നൽകരുതെന്നും ഏകീകരിച്ച റിപ്പോർട്ടുകളാകണം തെരഞ്ഞെടുപ്പു കമ്മീഷനു നൽകേണ്ടതെന്നും സിഇഒ യോഗത്തിൽ നിർദേശിച്ചിരുന്നു.
എസ്ഐആറുമായി ബന്ധപ്പെട്ട് എല്ലാ ആഴ്ചയും സിഇഒ വിളിച്ചുചേർത്തിരുന്ന രാഷ്ട്രീയ പാർട്ടികളുടെ യോഗവും ഇനിമുതൽ വേണ്ടെന്നു വച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിലേക്കു കടന്ന സാഹചര്യത്തിലാണിത്.
കേരളം കൂടാതെ തമിഴ്നാട്, പശ്ചിമബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.
Leave A Comment