തദ്ദേശ തെരഞ്ഞെടുപ്പ്: യുഡിഎഫിന് 28.79 ലക്ഷം വോട്ടുകളുടെ മേൽക്കൈ
തിരുവനന്തപുരം: ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ ഔദ്യോഗിക വോട്ട് കണക്കുകൾ പുറത്തുവന്നപ്പോൾ യുഡിഎഫിന് എൽഡിഎഫിനേക്കാൾ 28.79 ലക്ഷം വോട്ടുകൾ അധികമായി ലഭിച്ചു. യുഡിഎഫിന് 41.20 ശതമാനം വോട്ടു ലഭിച്ചപ്പോൾ എൽഡിഎഫിനു ലഭിച്ചത് 35.95 ശതമാനം വോട്ടുകളാണ്. എൻഡിഎയ്ക്ക് 15.05 ശതമാനം വോട്ട് ആണു ലഭിച്ചത്.
മുനിസിപ്പൽ, കോർപറേഷൻ തെരഞ്ഞെടുപ്പുകളിലും ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലുമായി ആകെ 5,48,68,290 വോട്ടുകളാണ് പോൾ ചെയ്തത്. ഇതിൽ യുഡിഎഫിന് 2,26,04,339 വോട്ടുകളും എൽഡിഎഫിന് 1,97,25,218 വോട്ടുകളും ലഭിച്ചു. എൻഡിഎയ്ക്കു ലഭിച്ചത് 82,58,873 വോട്ടുകളാണ്. മറ്റുള്ളവർക്ക് എല്ലാം കൂടി 42,79,860 വോട്ടുകളും ലഭിച്ചു.
ഗ്രാമപഞ്ചായത്തുകൾ മുതൽ കോർപറേഷനുകൾ വരെ എല്ലാ തലങ്ങളിലും യുഡിഎഫ് ആണു മേൽക്കൈ നേടിയത്. മുനിസിപ്പാലിറ്റികളിലെ കണക്കെടുക്കുന്പോൾ യുഡിഎഫിന് എൽഡിഎഫിനേക്കാൾ 9.12 ശതമാനം അധിക വോട്ടുകൾ ലഭിച്ചു.
ഭരണം ലഭിച്ച തദ്ദേശസ്ഥാപനങ്ങളുടെ എണ്ണത്തിന്റെ കണക്കിൽ എൽഡിഎഫിനു വ്യക്തമായ മുൻതൂക്കം ലഭിച്ച 2020 ലെ തെരഞ്ഞെടുപ്പിൽ മൊത്തം വോട്ടിൽ എൽഡിഎഫിനു യുഡിഎഫിനേക്കാൾ 1.66 ശതമാനം അധികവോട്ടുകൾ മാത്രമാണു ലഭിച്ചത്. അന്ന് 14.31 ശതമാനം വോട്ടുവിഹിതം നേടിയ എൻഡിഎയ്ക്ക് ഇത്തവണ നാമമാത്ര വോട്ട് വർധന മാത്രമാണുണ്ടായത്.
2020 ലെ 14.31 ശതമാനം വോട്ട് ഇത്തവണ 15.05 ശതമാനമായി ഉയർന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൻഡിഎയുടെ വോട്ട് വിഹിതം 19.2 ശതമാനമായി കുതിച്ചുയർന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത് 25 ശതമാനമായി ഉയർത്താനാണ് ബിജെപി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ അതിന് അടുത്തെങ്ങുമെത്താൻ അവർക്കായില്ല. തിരുവനന്തപുരം കോർപറേഷനിൽ ഭരണം കിട്ടിയതിന്റെ തിളക്കം മാറ്റി നിർത്തിയാൽ എൻഡിഎയോ ബിജെപിയോ ഇത്തവണ നേട്ടമുണ്ടാക്കിയതായി കണക്കാക്കാനാകില്ല.
എല്ല തദ്ദേശസ്ഥാപനങ്ങളിലുമായി ഏറ്റവും കുടുതൽ സീറ്റുകൾ നേടിയത് കോണ്ഗ്രസ് ആണ്. അവർക്ക് ആകെ 7,817 സീറ്റുകൾ ലഭിച്ചു. രണ്ടാമതെത്തിയ സിപിഎമ്മിന് 7,445 സീറ്റുകളും മൂന്നാമതെത്തിയ മുസ്ലിംലീഗിന് 2,844 സീറ്റുകളും ലഭിച്ചത്. സീറ്റ് എണ്ണത്തിൽ ബിജെപി നാലാമതാണ്. അവർക്ക് 1,914 സീറ്റുകളിൽ സ്വന്തം സ്ഥാനാർഥികളെ വിജയിപ്പിക്കാനായി. എന്നാൽ അവരുടെ സഖ്യകക്ഷിയായ ബിഡിജെഎസിന് ആകെ ലഭിച്ചത് അഞ്ചു സീറ്റുകൾ. കേരള കോണ്ഗ്രസ്- ജോസഫ് വിഭാഗം 332 സീറ്റുകളിൽ വിജയിച്ചപ്പോൾ കേരള കോണ്ഗ്രസ്-എമ്മിന് 246 വാർഡുകളാണ് ലഭിച്ചത്.
യുഡിഎഫിലെ മറ്റു കക്ഷികൾക്കു ലഭിച്ച സീറ്റുകൾ ഇങ്ങനെ: ആർഎസ്പി-57, കേരള കോണ്ഗ്രസ്- ജേക്കബ്-34, സിഎംപി-10, കേരള ഡെമോക്രാറ്റിക് പാർട്ടി- 8, ഫോർവേർഡ് ബ്ലോക്ക് -1. എൽഡിഎഫിലെ മറ്റു കക്ഷികൾ: സിപിഎെ-1018, ആർജെഡി- 63, ജനതാദൾഎസ്- 44, എൻസിപി-25, കേരള കോണ്ഗ്രസ്-ബി-15, ഐഎൻഎൽ-9, കോണ്ഗ്രസ്-എസ്- 8, ജനാധിപത്യ കേരള കോണ്ഗ്രസ്- 6.
മുന്നണികളിൽ പെടാത്ത പാർട്ടികളിൽ എസ്ഡിപിഐ 97 സീറ്റുകളിൽ വിജയിച്ചു. ട്വന്റി 20 ജയിച്ചത് 78 വാർഡുകളിലാണ്. വെൽഫെയർ പാർട്ടി 31 സീറ്റുകളിലും ആർഎംപി 29 സീറ്റുകളിലും വിജയിച്ചു.
Leave A Comment