ജനഹിതം

വോട്ടിന് പണം ആരോപണം; ശോഭയും ബിജെപിയും വെട്ടിൽ

പാലക്കാട്: പാലക്കാട് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്‍റെ കൂടെ വന്ന സ്ത്രീ വോട്ടർക്കു പണം നൽകിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബിജെപി കടുത്ത പ്രതിരോധത്തിൽ. വെളുത്ത ചുരിദാർ ധരിച്ച സ്ത്രീ വോട്ടറായ മറ്റൊരു സ്ത്രീക്ക് പണം നൽകുന്ന ദൃശ്യങ്ങളാണ് കോൺഗ്രസ് പ്രവർത്തകർ വീഡിയോയിൽ പകർത്തി പുറത്തുവിട്ടത്.

കണ്ണാടി ഭാഗത്തായിരുന്നു സംഭവം. ശോഭ സുരേന്ദ്രന്‍റെ കൂടെ വന്നതാണ് പണം നൽകിയ സ്ത്രീയെന്നു കോൺഗ്രസ് പറയുന്നു. ദൃശ്യങ്ങൾ പകർത്തിയവരുമായി ശോഭ സുരേന്ദ്രൻ കയർക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്ഥാനാർഥി മൊബൈൽ ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചെന്ന ആരോപണവും കോൺഗ്രസ് പ്രവർത്തകർ ഉയർത്തുന്നു. ദൃശ്യങ്ങൾ മായിക്കണമെന്ന് ആവശ്യപ്പെട്ടെന്നും ഇവർ പറയുന്നു.

പണം വീട്ടമ്മയുടെ കൈയിൽ ഇരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 5000 രൂപയാണ് നൽകിയതെന്നു പറയുന്നു. പണം നൽകിയ സ്ത്രീ എൻഡിഎയുടെ വാഹനവ്യൂഹത്തിനു സമീപത്തേക്കു പോകുന്നതും ദൃശ്യങ്ങളിലും കാണാം.

വോട്ടിനു പണം നൽകുന്നതു ഗുരുതരമായ ചട്ടലംഘനമാണ്. കുറ്റകൃത്യം തെളിഞ്ഞാൽ സ്ഥാനാർഥിത്വം തന്നെ അയോഗ്യമാകുന്ന കുറ്റമാണ് വോട്ടിനു പണം നൽകൽ. അതേസമയം, ആരോപണം നിഷേധിച്ചുകൊണ്ട് ശോഭ സുരേന്ദ്രൻ രംഗത്തുവന്നിട്ടുണ്ട്.

ഇതിനിടെ, വാർത്ത പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. വിവാദത്തിൽ ഇലക്ഷൻ കമ്മീഷൻ എന്തു നടപടിയെടുക്കുമെന്നു നോക്കാമെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്‍റെ പ്രതികരണം.

അതേസമയം, ഈ മേഖലയിൽ നേരത്തെയും എൻഡിഎ ആളുകൾക്കു പണം നൽകിയെന്നും എന്നാൽ, അതിനു തെളിവു സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ഇത്തവണ ദൃശ്യങ്ങൾ പകർത്താൻ കഴിഞ്ഞെന്നും കോൺഗ്രസ് പറയുന്നു. 

പണം തന്നിട്ടില്ലെന്നാണ് വയോധികയുടെ വീട്ടുകാർ പറയുന്നത്. വയോധികയ്ക്കു പെൻഷൻ കിട്ടിയ തുകയാണ് കൈയിലിരുന്നതെന്നും ഇവർ അവകാശപ്പെട്ടു. എന്നാൽ, മാധ്യമങ്ങളോടു കൂടുതൽ സംസാരിക്കാൻ ബന്ധുക്കൾ വയോധികയെ അനുവദിച്ചില്ല.

Leave A Comment