മാളയിലെ സ്വാതന്ത്ര്യ സമര സേനാനികൾ
വാൽക്കണ്ണാടി
മാളക്കാർക്ക് മറക്കാനാവാത്ത മാർഗ്ഗദർശികളും മാതൃക പുരുഷന്മാരുമായ മണ്മറഞ്ഞ സ്വാതന്ത്ര്യ സമര സേനാനികളാണ് എംടി. ലാസർ മാസ്റ്ററും കെ. എ. തോമസ് മാസ്റ്ററും. എം. ടി. ലാസർ മാസ്റ്ററും കെ. എ തോമസ് മാസ്റ്ററും കർമ്മ ജിരതരായി ജീവിച്ച അതികായന്മാരായിരുന്നു. ഇരുവരും പ്രസംഗ വേദികളിൽ ശ്രോതാക്കളെ പ്രകമ്പനം കൊള്ളിച്ച് പ്രതീപ്ത്മാക്കായിരുന്നു. എം. ടി. ലാസർ മാസ്റ്ററും കെ. എ തോമസ് മാസ്റ്ററും വാക് വൈഭവം കൊണ്ട് സിംഹ ഗർജ്ജനം മുഴക്കിയ സ്വതന്ത്ര്യ ഭടന്മാരായിരുന്നു.
ലാസർ മാസ്റ്റർ
കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു എം. ടി. ലാസർ മാസ്റ്റർ. കേരളത്തിന്റെയും തിരുക്കൊച്ചിയുടെയും രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്ന പ്രമുഖനായിരുന്നു അദ്ദേഹം.
പ്രജാമണ്ഡലത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന ലാസർ മാസ്റ്റർ സ്വതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ഒരു വർഷം ജയിൽ ശിക്ഷ അനുഭവിച്ചു. സ്വതന്ത്ര്യാനന്തരം സോഷ്യലിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാക്കളിൽ ഒരാളായി മാറിയ ലാസർ മാസ്റ്റർ 1951-ൽ തിരുക്കൊച്ചി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്നു. മാള മാമ്പിള്ളി തൊമ്മന്റെയും റോസയുടെയും മകനായി 1921 ജനുവരി 19 നാണു ലാസർ മാസ്റ്റർ ജനിച്ചത്. വിദ്യാഭ്യാസത്തിനു ശേഷം മാള സെന്റ് ആന്റണീസ് പ്രൈമറി സ്‌കൂളിൽ അധ്യാപകനായി ഇക്കാലത്ത് തന്നെ അദ്ദേഹം ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി. സ്‌കൂൾ വിദ്യാർത്ഥികളെക്കൊണ്ട് മഹാത്മാഗാന്ധിക്ക് വിളിപ്പിച്ചതിൻ്റെ പേരിൽ മാനേജർ ശാസിച്ചതിനെ തുടർന്ന് രാജിക്കത്ത് നൽകി ലാസർ മാസ്റ്റർ സ്‌കൂളിന്റെ പടിയിറങ്ങി. വീട്ടുകാർ ഈ സംഭവമറിയുന്നത് ഏറെ കഴിഞ്ഞാണ്.
ലാസർ മാസ്റ്റർ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറുകയായിരുന്നു. പ്രജാമണ്ഡലത്തിൻ്റെ രൂപീകരണ സമ്മേളനത്തിൽ തന്നെ അദ്ദേഹം സംസ്‌ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ പ്രസ്ഥാനത്തിന് തിരു കൊച്ചിയിൽ ജന പിന്തുണ നേടിക്കൊടുക്കുന്നതിൽ ലാസർ മാസ്റ്റർ മുഖ്യ പങ്കു വഹിച്ചിരുന്നു. അക്കാലത്ത് പ്രധാന നേതാക്കൾ പ്രസംഗിക്കാൻ വരുമ്പോൾ മാത്രമേ മൈക്ക് ഏർപ്പെടുത്താറുള്ളൂ. ലാസർ മാസ്റ്റർ പ്രസംഗിക്കുന്നു. മൈക്ക് ഉണ്ടായിരിക്കുന്നതാണ് എന്ന് ബോർഡ് എഴുതി വക്കുന്നതും ജനങ്ങൾ അദ്ദേഹത്തെ കേൾക്കാൻ തടിച്ചു കൂടുന്നതും അക്കാലത്തെ പ്രധാന കാഴ്‌ചയായിരുന്നു.
ചാലക്കുടിയിൽ പ്രജാമണ്ഡലത്തിന്റെ നേതൃത്വത്തിൽ 1942ൽ ഗാന്ധിജിക്കു സ്വീകരണം നൽകിയപ്പോൾ സംഘാടക സമിതിയുടെ വൈസ് പ്രസിഡന്റ് എംടി ലാസർ മാസ്റ്റർ ആയിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ നാലാം വാർഷിക ദിനത്തിൽ 1946 ആഗസ്റ്റ് ഒൻപതിന് തൃശൂർ മണികണ്ഠനാൽ പരിസരത്ത് വച്ച് ബ്രിട്ടീഷ് സൈന്യം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു വിയ്യൂർ ജലയിലിൽ അടച്ചു. സ്വാന്ത്ര്യത്തിന് ശേഷമാണ് ജയിൽ മോചിതനായത്. എന്നാൽ പ്രവർത്തകർക്കൊപ്പം പാലക്കാട്ടേക്ക് പോയ ലാസർ മാസ്റ്റർ ദിവസങ്ങൾക്കു ശേഷമാണ് വീട്ടിൽ തിരിച്ചെത്തിയത്.
സ്വതന്ത്ര്യാനന്തരം പ്രജാമണ്ഡലം കോൺഗ്രസിൽ ലയിച്ചപ്പോൾ പുരോഗമനവാദികളായ തിരുകൊച്ചിയിലെ സോഷ്യലിസ്റ്റ് വാദികൾ ചേർന്ന് കേരള സോഷ്യലിസ്റ്റ് പാർട്ടിക്ക് രൂപം നൽകി. മത്തായി മാഞ്ഞൂരാൻ, ടി. കെ. ദിവാകരൻ, ശ്രീകണ്ഠൻ നായർ, ബേബി ജോൺ തുടങ്ങിയവർക്കൊപ്പം ലാസർ മാസ്റ്ററും പാർട്ടിയുടെ സംഘടനാ നേതൃത്വത്തിൽ പ്രവർത്തിച്ചു. പിന്നീട് ഇവരിൽ ചിലർ കെ.എസ്.പി. വിട്ട് ആർ. എസ്. പി. രൂപീകരിച്ചപ്പോഴും മാസറ്റർ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവായി തുടർന്നു.
തിരു. കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പിൽ 1951-ൽ പരാജയപ്പെട്ട ലാസർ മാസ്റ്ററെ 1970 ൽ ഇരിങ്ങാലക്കുടയിൽ നിന്ന് കേരള നിയമ സഭയിലേക്കു മത്സരിപ്പിക്കാൻ ഇടതു മുന്നണി തീരുമാനിച്ചെങ്കിലും അധികാര രാഷ്ട്രീയത്തോടുള്ള വിമുഖത മൂലം നിരസിക്കുകയായിരുന്നു. പകരം മത്സരിച്ച സി. എസ്. ഗംഗാധരൻ വിജയിക്കുകയും ചെയ്തു.
രാഷ്ട്രീയത്തിന്റെ ഗതി തന്റെ ആശയങ്ങൾക്ക് വിരുദ്ധമാണെന്ന് തോന്നിയപ്പോൾ ലാസർ മാസ്റ്റർ സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറി. അദ്ദേഹം ആദ്യം സ്വാതന്ത്ര്യ സമര പെൻഷൻ വാങ്ങാൻ കൂട്ടാക്കിയില്ല. പിന്നീട് സഹപ്രവർത്തകരുടെ നിർബന്ധത്തിനു വഴങ്ങിയാണ് പെൻഷൻ സ്വീകരിച്ചത്. മാളയിലെത്തിയ യഹൂദരെ ഗതാഗത തടസ്സമുണ്ടാക്കിയതിന്റെ പേരിൽ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് കെ. എ. തോമസ് മാസ്റ്റർ സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്തു പ്രസംഗിച്ചതാണ് അവസാന പൊതു പരിപാടി. മാളയുടെ ധീരനായ ആ സ്വാന്ത്ര്യ സമര സേനാനി 1998 ജൂലൈ 29 നാണ് അന്തരിച്ചത്.
കെ. എ. തോമസ് മാസ്റ്റർ
മാളയിലെ കളപ്പുരക്കൽ ആഗസ്തിയുടെയും റോസയുടെയും മകനായി കെ. എ. തോമസ് മാസ്റ്റർ 1916 ഒക്ടോബർ രണ്ടിനാണ് ജനിച്ചത്. തൃശൂർ കേരളവർമ്മ കോളേജിൽ പഠനം നടത്തി. കൊച്ചി രാജ്യ പ്രജാ മണ്ഡലത്തിന്റെ നേതൃത്വ നിരയിൽ 1941മുതൽ പ്രവർത്തിച്ചിരുന്നു. അദ്ദേഹം സ്വാതന്ത്ര പ്രഖ്യാപനത്തിനു ശേഷം സോഷ്യലിസ്റ്റ് പാർട്ടിയുടെ അഖില കൊച്ചി കമ്മിറ്റി സെക്രട്ടറിയും പാർട്ടി മുഖ പത്രമായ സ്വന്ത്ര ഭാരതത്തിന്റെ പത്രാധിപനുമായി.
തിരുകൊച്ചി സംയോജനത്തോടെ പട്ടം താണുപിള്ള ചെയർമാനും അരങ്ങിൽ ശ്രീധരൻ സെക്രട്ടറിയുമായിരുന്ന തിരുകൊച്ചി കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയായി. കേരള രാഷ്ട്രീയത്തിലെ അതികായന്മാരായിരുന്ന എൻ. ശ്രീകണ്ഠൻ നായർ, മത്തായി മാഞ്ഞൂരാൻ, എൻ. കൃഷ്ണവാര്യർ തുടങ്ങിയവരോടൊപ്പം നേതൃതലത്തിൽ പ്രവർത്തിച്ചു.
മാള മേഖലയിലെ ചെത്ത് തൊഴിലാളികളെയും ഓട്ടുകമ്പനി തൊഴിലാളികളെയും സംഘടിപ്പിച്ച കെ. എ. തോമസ് മാസ്റ്റർ പാലിയം അയിത്തോച്ചാടന സമരത്തിൽ പങ്കെടുത്തു. പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായി. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലും പിന്നീട് സി. പി. ഐ. യിലും നേതൃസ്ഥാനത്തെത്തി. പൊയ്യ പഞ്ചായത്ത് പ്രസിഡന്റായി 15 വർഷവും മാള ഡി.സി.സി. ചെയർമാനായി 10 വർഷവും ചുമതല വഹിച്ചു. 1965-ൽ സി. പി. ഐ. സ്ഥാനാത്ഥിയായും 1967-ൽ ഇടതുപക്ഷ മുന്നണി സ്ഥാനാർഥിയായും മാള നിയോജകമണ്ഡലത്തിൽ കെ. കരുണാകരനെതിരെ മത്സരിച്ചു.
1967ൽ 364 വോട്ടിനാണ് കെ. കരുണാകനോട് പരാജയപ്പെട്ടത്. കെ. എ. തോമസ് മാസ്റ്റർ 1985നു ശേഷം സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചു. പിന്നീട് കലാ സാംസ്‌കാരിക രംഗങ്ങളിലും അനീതികൾക്കെതിരായ പോരാട്ടങ്ങളിലും ജീവിതാവസാനം വരെ സജീവമായിരുന്നു. മാളയിലെ ചരിത്ര സ്‌മാരകങ്ങളുടെ സംരക്ഷണത്തിനായി നിരന്തരം പ്രവർത്തിച്ചു.
മാളയിലെ സമുന്നത സ്ഥാനീയനായിരുന്ന സ്വതന്ത്ര്യ സമര ഭടനായിരുന്ന കെ. എ. തോമസ് മാസ്റ്റർ 2011 മാർച്ച് രണ്ടിനാണ് നിര്യാതനായത്. അദ്ദേഹത്തിന്റെ അഭിലാഷപ്രകാരം ഭൗതിക ശരീരം മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പഠനത്തിനായി വിട്ടുകൊടുത്തിരുന്നു.
തയ്യാറാക്കിയത് - സുരേഷ് അന്നമനട
Leave A Comment