ചാലക്കുടിപ്പുഴയുടെ തീരം കരിങ്കല്ലടിച്ച് നികത്തുന്നു
എളവൂർ : പാറക്കടവ് പഞ്ചായത്തിലെ 15-ാം വാർഡ് കണ്ണൻകുഴിശ്ശേരി ഭാഗത്ത് ചാലക്കുടിപ്പുഴയുടെ തീരം കരിങ്കല്ലടിച്ച് നികത്തുന്നതിനെതിരേ പ്രതിഷേധം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തോടു ചേർന്നുള്ള പുഴയുടെ തീരമാണ് കരിങ്കൽ അടിച്ചു നികത്തുന്നത്. ഒരാഴ്ചയായി നിരവധി ലോഡ് കരിങ്കല്ല് ടോറസ് വാഹനങ്ങളിൽ കൊണ്ടുവന്ന് പുഴ നികത്തി കൊണ്ടിരിക്കുകയാണ്. ഇതിനെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ജെ.ഡി. ജില്ലാ പ്രസിഡൻറ് ജയ്സൻ പാനികുളങ്ങര, കളക്ടർ, ആർ.ഡി.ഒ., ആലുവ തഹസിൽദാർ, പാറക്കടവ് വില്ലേജ് ഓഫീസർ എന്നിവർക്ക് പരാതി നൽകി.
കഴിഞ്ഞ പ്രളയകാലത്ത് ഈ ഭാഗത്ത് പുഴ ദിശമാറി തെക്കോട്ടൊഴുകി പാറക്കടവ് മുതൽ കൊച്ചുകടവ് വരെ വെള്ളത്തിനടിയിലായതാണ്. ഇവിടം ഇപ്പോൾ കരിങ്കല്ല് ഇട്ട് നികത്തിയാൽ വർഷക്കാലത്ത് പ്രളയദുരിതം വീണ്ടും നാട്ടുകാർ അനുഭവിക്കേണ്ടി വരും. അതിനാൽ എത്രയും വേഗം പുഴ നികത്തൽ തടയണമെന്നാണ് എൽ.ജെ.ഡി.യുടെ ആവശ്യം.
പുഴ നികത്തിയവർക്കെതിരേ കർശന നടപടി എടുക്കണമെന്നും പുഴയിൽ തള്ളിയ കല്ലുകൾ നീക്കം ചെയ്യണമെന്നും ജയ്സൻ പാനികുളങ്ങര ആവശ്യപ്പെട്ടു. അല്ലെങ്കിൽ നാട്ടുകാരെ അണിനിരത്തി ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Leave A Comment