ജില്ലാ വാർത്ത

മുന്‍ ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ മരുമകള്‍ പത്മജ ജീവനൊടുക്കാൻ ശ്രമിച്ചു

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ ആത്മഹത്യചെയ്ത മുന്‍ ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ മരുമകള്‍ പത്മജ ജീവനൊടുക്കാൻ ശ്രമിച്ചു. കൈഞരമ്പ് മുറിച്ച ഇവരെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മുള്ളന്‍കൊല്ലിയിലെ കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ട പത്മജ, കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. നേതാക്കള്‍ പറഞ്ഞുപറ്റിച്ചെന്നും ഡിസിസി ഓഫീസിന് മുന്നില്‍ മക്കള്‍ക്കൊപ്പം നിരാഹാരമിരിക്കുമെന്നും പത്മജ പറഞ്ഞിരുന്നു. ഞങ്ങള്‍ മരിച്ചാല്‍ മാത്രമേ പാര്‍ട്ടിക്ക് നീതിതരാന്‍ കഴിയുകയുള്ളൂ എന്നുണ്ടോയെന്നും കഴിഞ്ഞ ദിവസം അവര്‍ ചോദിച്ചിരുന്നു.ഇതുവരെ 20 ലക്ഷം രൂപ തന്നതല്ലാതെ കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ലെന്നും പരിപൂര്‍ണമായിട്ടും ആ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിച്ചിരിക്കുകയാണെന്നും പത്മജ പറഞ്ഞിരുന്നു.

രണ്ടരക്കോടി രൂപയുടെ ബാധ്യതകളാണ് ഉണ്ടായിരുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.കഴിഞ്ഞ ഡിസംബര്‍ 25-നാണ് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍.എം. വിജയനെയും മകന്‍ ജിജേഷിനെയും വിഷംകഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27-ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എന്‍.എം. വിജയന്റെ ആത്മഹത്യാക്കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുരുക്കായത്. ഐ.സി. ബാലകൃഷ്ണന്‍, എന്‍.ഡി. അപ്പച്ചന്‍, കെ.കെ. ഗോപിനാഥന്‍, പി.വി. ബാലചന്ദ്രന്‍ എന്നിവരുടെ പേരുകളടക്കം വിജയന്‍ കത്തില്‍ പരാമര്‍ശിച്ചിരുന്നു.

Leave A Comment