എറണാകുളം അതിരൂപതയിൽ ജനാഭിമുഖ കുർബാനയേ അനുവദിക്കൂ; ഇടവക സമിതികൾ
കൊച്ചി: ജനാഭിമുഖ കുർബാന അല്ലാതെ മറ്റൊന്നും അനുവദിക്കില്ലെന്ന് മാർപാപ്പയെ അറിയിക്കണമെന്നാ വശ്യപ്പെട്ട് എറണാകുളം അതിരൂപതയിലെ 16 ഫൊറോനകളിൽനിന്ന് മുന്നൂറിലധികം ഇടവക സമിതികൾ വികാരിയും ട്രസ്റ്റിമാരും സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻമാരും ഒപ്പിട്ട കത്ത് അതിരൂപത അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിന് നൽകി. ഓരോ ഇടവകയും സ്വന്തം ലെറ്റർ ഹെഡിൽ ഇടവക വിശ്വാസികൾക്കു വേണ്ടി ആവശ്യങ്ങൾ എഴുതി ഒപ്പിട്ട് സമർപ്പിക്കുകയും ചെയ്തു.വിവിധ ഫൊറോനകളിൽനിന്ന് 305 പള്ളികളുടെ കത്തുകളാണ് ചൊവ്വാഴ്ച 12 മണിവരെ കൊടുത്തിട്ടുള്ളത്. രണ്ടു ദിവസമായി നടന്ന ഇടവകകളുടെ സന്ദർശനത്തിന് അല്മായ മുന്നേറ്റം അതിരൂപത സമിതി അംഗങ്ങളായ ജെമി അഗസ്റ്റിൻ, ഷൈജു ആന്റണി, റിജു കാഞ്ഞൂക്കാരൻ, ജോൺ കല്ലൂക്കാരൻ, പ്രകാശ് പി. ജോൺ, തങ്കച്ചൻ പേരയിൽ, വിജിലൻ ജോൺ, ജോളി സിറിയക് എന്നിവർ നേതൃത്വം നൽകി. ഇടവകകളിൽനിന്ന് ലഭിച്ച കത്തിന്റെ വിശദാംശങ്ങൾ അടുത്ത ആഴ്ച വത്തിക്കാനിൽ പോകുമ്പോൾ മാർപാപ്പയെ അറിയിക്കണമെന്നും മാർ ആൻഡ്രൂസ് താഴത്തിനോട് നിർദേശിച്ചിട്ടുണ്ട്.
Leave A Comment