ജില്ലാ വാർത്ത

തൃശൂർ റൂറൽ പോലീസ് പരിധിയിൽ നിന്ന് പിടിച്ചെടുത്ത ലഹരി വസ്തുക്കൾ കത്തിച്ചു

തൃശൂർ : തൃശൂര്‍ റൂറല്‍ പോലീസ് പരിധിയിലുള്ള വിവിധ സ്റ്റേഷനുകളില്‍ പിടിച്ചെടുത്ത കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കത്തിച്ചു കളഞ്ഞു. കൊടകര, കൊരട്ടി, കൊടുങ്ങല്ലൂര്‍, ആളൂര്‍, ഇരിങ്ങാലക്കുട, ചാലക്കുടി, എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ പിടിച്ചെടുത്ത കഞ്ചാവും ഹാഷിഷ്ഓയിലുമാണ് ചിറ്റിശ്ശേരിയിലെ ഓം ശങ്കര്‍ ഓട്ടുകമ്പനിയില്‍ കത്തിച്ചത്.

12 കേസുകളിലായി പിടിച്ചെടുത്ത 254.58 കിലോഗ്രാം കഞ്ചാവും 754 ഗ്രാം ഹാഷിഷ് ഓയിലുമാണ് നശിപ്പിച്ചത്. പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് കത്തിച്ചുകളഞ്ഞത്. ക്രൈംബ്രാഞ്ച്, ഡിവൈഎസ്പി പി. ഷാജ് ജോസിന്റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി സലീഷ് എന്‍.ശങ്കര്‍, വിവിധ സ്റ്റേഷനുകളിലെ എസ്എച്ചഒ മാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ലഹരിവസ്തുക്കള്‍ നശിപ്പിച്ചത്.

Leave A Comment