പാലിയേക്കര ടോൾ പ്ലാസ ഉപരോധിച്ച് ഹാഷിമിന്റെ ബന്ധുക്കളുടെ പ്രതിഷേധം, കുഴിയടക്കാമെന്ന് ഉറപ്പ്
കൊച്ചി : എറണാകുളത്ത് കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. ദേശീയ പാതയിലെ ആളെ കൊല്ലികളായ കുഴികളടക്കാൻ ഇടപെടൽ തേടി മരിച്ച ഹാഷിമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അയൽവാസികളും ഇന്ന് പാലിയേക്കര ടോൾ പ്ലാസ ഉപരോധിച്ച് പ്രതിഷേധിച്ചു. പൊലീസ് എത്തി പ്രതിഷേധക്കാരുമായി സംസാരിച്ച് പാലിയേക്കര മുതൽ ഇടപ്പള്ളി വരെയുളള കുഴികൾ പെട്ടന്ന് അടയ്കമെന്ന ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
കുഴിയിൽ വീണ ഹാഷിമിന്‍റെ ദേഹത്ത് പിന്നാലെ വന്ന വാഹനം കയറിയിറങ്ങിയാണ് അപകടമുണ്ടായത്. ഹോട്ടൽ ജീവനക്കാരനായ ഹാഷിമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. ബന്ധപ്പെട്ടവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ഹാഷിമിന്‍റെ കുടുംബം ആവശ്യപ്പെടുന്നത്.
അതേ സമയം, ആലുവയിൽ ദേശീയ പാതയിലെ അപകടത്തിൽ മരിച്ച ഹാഷിമിനെ ഇടിച്ച വാഹനം കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. ദേശീയ പാതയിൽ വഴിനീളെ പുതിയ ക്യാമറകളുണ്ടെന്നും ഇരുട്ടിലും നിയമലംഘനങ്ങൾ പിടിക്കപ്പെടുമെന്നുമായിരുന്നു നേരത്തെയുള്ള അവകാശവാദങ്ങൾ. എന്നാൽ അത്താണിയിൽ ഹാഷിമിനെ ഇടിച്ചിട്ട വാഹനം കണ്ടുപിടിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കിട്ടിയ ചിത്രങ്ങളിൽ വ്യക്തത ഇല്ലെന്നാണ് നെടുമ്പാശേരി പൊലീസ് പറയുന്നത്.
Leave A Comment