അങ്കമാലി മേഖലയിൽ സ്വകാര്യ ബസ് തൊഴിലാളികൾ വ്യാഴാഴ്ച മുതൽ പണിമുടക്കുന്നു
അങ്കമാലി : അങ്കമാലി-കാലടി-അത്താണി-കൊരട്ടി മേഖലയിലെ പ്രൈവറ്റ് ബസ് തൊഴിലാളികൾ സേവന-വേതന വ്യവസ്ഥകൾ പുതുക്കാത്തതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും.
ജില്ലാ ലേബർ ഓഫീസർ വിളിച്ചുചേർത്ത ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് ജൂലായ് 29-ന് സൂചനാ പണിമുടക്ക് നടത്തിയിരുന്നു. എന്നാൽ, കൂലി വർധിപ്പിക്കാൻ തയ്യാറല്ല എന്ന ബസ് ഉടമകളുടെ ഉറച്ച നിലപാടിനെ തുടർന്നാണ് സംയുക്ത തൊഴിലാളി യൂണിയൻ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നത്.
2017-ൽ ജില്ലാ കളക്ടറുടെ ഇടപെടലിനെത്തുടർന്ന് ലഭിച്ച കൂലിവർധനയാണ് ഇപ്പോഴും നിലനിൽക്കുന്നത്. തൊഴിലാളികളുടെ സേവന -വേതന കരാർ പുതുക്കിനൽകുന്നതിനുള്ള അനൂകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും വിദ്യാർഥികളുടെ യാത്രാക്കൂലി വർധിപ്പിക്കാതെ കരാർ പുതുക്കുകയില്ല എന്ന നിലപാടാണ് പ്രൈവറ്റ് ബസ്സുടമാ സംഘടനകൾക്കുള്ളതെന്ന് യൂണിയൻ നേതാക്കളായ പി.ജെ. വർഗീസ്, പി.ടി. പോൾ, കെ.പി. പോളി, സേതു ശിവൻ, സി.എ. ജോസ് എന്നിവർ പറഞ്ഞു. തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് ഒഴിവാക്കാൻ ചൊവ്വാഴ്ച ജില്ലാ ലേബർ ഓഫീസർ ഇരുവിഭാഗങ്ങളുടെയും യോഗം വിളിച്ചിട്ടുണ്ട്.
Leave A Comment