ജില്ലാ വാർത്ത

കേബിളുകൾ വെട്ടിമാറ്റി കേബിൾ ടിവി-ഇൻ്റർനെറ്റ് ലഭ്യത തടസ്സപ്പെടുത്തുന്നതിനെതിരെ സിഒഎ;

കൊച്ചി: എറണാകുളം ജില്ലയിലെ തൃക്കാക്കര മുനിസിപ്പാലിറ്റിയിലും കൊച്ചി കോര്‍പറേഷന്റെ ചില ഭാഗങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി കേബിള്‍ ടിവി-ഇന്റര്‍നെറ്റ് അനുബന്ധ സേവനങ്ങള്‍ നല്‍കിവരുന്ന,  അധികൃതരുടെ നിര്‍ദേശം കൃത്യമായി നടപ്പാക്കുകയും, ടാഗ് ചെയ്യുകയും ചെയ്തിട്ടുള്ള കേരളവിഷൻ ഉൾപെടെയുള്ള ചെറുകിട കേബിൾ ഓപ്പറേറ്റർമാരുടെ കേബിളുകള്‍ കൂടി  നഗരസഭാ അധികൃതരും, വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരും ചേര്‍ന്ന് വെട്ടി നശിപ്പിച്ചു കൊണ്ടിരിക്കുന്നതിനെതിരെ പ്രതിഷേധവുമായി കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി ഒ എ).

താഴ്ന്നു കിടക്കുന്ന കേബിളുകള്‍ വലിയ സാമൂഹിക പ്രശ്‌നമായി മാറിയ സാഹചര്യത്തില്‍ അവ ഉയര്‍ത്തിക്കെട്ടുവാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും എല്ലാ സര്‍വ്വീസ് പ്രൊവൈഡര്‍മാരും ഇത് നടപ്പിലാക്കിയില്ല. തുടർന്നാണ് അധികൃതരുടെ നിര്‍ദേശം കൃത്യമായി നടപ്പാക്കുകയും, ടാഗ് ചെയ്യുകയും ചെയ്തിട്ടുള്ളവരുടെ കേബിളുകള്‍ കൂടി താഴ്ന്ന് കിടക്കുന്ന കേബിളുകളുടെ കൂട്ടത്തില്‍ വെട്ടിമാറ്റുന്ന നടപടി. 

തൃക്കാക്കര നഗരസഭാ പരിധിയില്‍ ഒരു ബൈക്ക് യാത്രികന്‍ കേബിള്‍ കഴുത്തില്‍ കുരുങ്ങി ദാരുണമായി മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളാണ് ഇത്തരമൊരു നടപടിയിലേക്ക് കാര്യങ്ങള്‍ എത്തിക്കുവാന്‍ ഇടയായത്. പ്രസ്തുത അപകടം ഉണ്ടാകുവാന്‍ കാരണമായി തൂങ്ങിക്കിടന്നിരുന്ന കേബിള്‍ ഒരു കോര്‍പ്പറേറ്റ് കമ്പനിയുടെ കേബിളായിരുന്നുവെന്ന് പിന്നീട് വ്യക്തമായതാണ്. ഇവര്‍ക്ക് കേബിള്‍ ഉയര്‍ത്തിക്കെട്ടുവാന്‍ മെയിന്റനന്‍സ് വിഭാഗം ഇല്ല എന്നാണ് അറിയുന്നത്. 

ഇതിന്റെ മറവില്‍ കൃത്യമായി കേബിള്‍ പരിപാലിക്കുന്ന കേരളവിഷന്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ കേബിളുകള്‍ ഇത്തരത്തില്‍ മുറിച്ചു മാറ്റുന്ന നടപടി കൈക്കൊണ്ടത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് സി ഒ എ ജനറൽ സെക്രട്ടറി കെ വി രാജൻ പറഞ്ഞു.

തൃക്കാക്കര മുനിസിപ്പാലിറ്റിയും കൊച്ചി കോര്‍പറേഷനും വൈദ്യുതി ബോര്‍ഡും നിലപാട് തിരുത്തുകയും കേബിള്‍ പരിപാലനം കൃത്യമായി നടത്താത്തവര്‍ക്കെതിരെ മാത്രമായി നടപടികള്‍ ചുരുക്കണമെന്നും അല്ലാത്തപക്ഷം ഉപഭോക്താക്കളെക്കൂടി അണിനിരത്തി ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ശക്തമായ പ്രതിഷേധ സമര പരിപാടികളുമായി മുന്നോട്ടിറങ്ങുമെന്നും കെവി രാജൻ പറഞ്ഞു

Leave A Comment