ജില്ലാ വാർത്ത

കളമശേരി ബസ് കത്തിക്കല്‍ കേസില്‍ രണ്ട് പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിനതടവ്

കൊച്ചി:കളമശേരി ബസ് കത്തിക്കല്‍ കേസില്‍ രണ്ട് പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിനതടവ്. തടിയന്റവിട നസീര്‍, സാബിര്‍ ബുഹാരി എന്നിവര്‍ക്കാണ് ഏഴ് വര്‍ഷം കഠിനതടവ് വിധിച്ചത്.മറ്റൊരു പ്രതി താജുദ്ദീന് ആറ് വര്‍ഷം തടവുശിക്ഷയും വിധിച്ചു. കൊച്ചി എന്‍ഐഎ കോടതിയുടേതാണ് ശിക്ഷാവിധി.

മൂന്നുപേരും എന്‍ഐഎ കോടതി മുൻപാകെ കുറ്റസമ്മതം നടത്തിയിരുന്നു. നേരത്തേ കുറ്റംസമ്മതിച്ച മറ്റൊരു പ്രതി പറവൂര്‍ സ്വദേശി കെഎ അനൂപിനെ കോടതി ആറുവര്‍ഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു.

പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ 2005 സെപ്റ്റംബര്‍ ഒമ്ബതിനാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്ന് സേലത്തേക്ക് പോകുകയായിരുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസാണ് പ്രതികള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. കളമശ്ശേരിയില്‍ യാത്രക്കാരെ ഇറക്കിവിട്ടശേഷം ബസ് പെട്രോളൊഴിച്ച്‌ കത്തിച്ചു.

 പ്രതികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. 14 പ്രതികളുണ്ടായിരുന്ന കേസിലെ ഒരാള്‍ മരിച്ചു. 2010ല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കേസിന്റെ വിചാരണ 2019 ല്‍ മാത്രമാണ് തുടങ്ങിയത്. നിരവധി തീവ്രവാദ കേസുകളില്‍ പ്രതിയായ തടിയന്റവിട നസീറാണ് കേസിലെ ഒന്നാം പ്രതി. മഅ്ദനിയുടെ ഭാര്യ സൂഫിയ കേസില്‍ പത്താം പ്രതിയാണ്. അനൂപ് ഒഴികെയുള്ള പ്രതികള്‍ പല കേസുകളിലായി തടവില്‍ തുടരുന്നതാണ് വിചാരണ വൈകാന്‍ ഇടയാക്കിയത്.

Leave A Comment