ജില്ലാ വാർത്ത

രാഹുൽ തൃശൂരിന്റെ മണ്ണിലേക്ക് ; ഭാരത് ജോഡോ യാത്ര നാലുമണിയോടെ പൊങ്ങത്ത് എത്തും

ചാലക്കുടി : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര  വൈകീട്ട് നാലിന് തൃശ്ശൂർ ജില്ലയിൽ പ്രവേശിക്കും. പൊങ്ങത്തെത്തുന്ന ജാഥയെ ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ, എം.പി. മാരായ ബെന്നി ബെഹനാൻ, ടി.എൻ. പ്രതാപൻ, രമ്യാ ഹരിദാസ് തുടങ്ങിയവർ സ്വീകരിക്കും. തുടർന്ന് ചാലക്കുടി പട്ടണത്തിലേക്ക് പ്രവർത്തകർക്കൊപ്പം യാത്ര പുറപ്പെടും.

ഈ യാത്രയിൽ 10,000 പേർ പങ്കെടുക്കുമെന്നാണ് അറിയിപ്പ്. ചാലക്കുടി,കൊടുങ്ങല്ലൂർ,കയ്പമംഗലം നിയോജമണ്ഡലങ്ങളിലെയും കാട്ടൂർ ബ്ലോക്കിലെയും പ്രവർത്തകരാണ് പങ്കെടുക്കുക. സൗത്ത് ജങ്ഷനിൽ എത്തുമ്പോൾ അവിടെ 80 അടിയിൽ പണിതീർത്ത അലങ്കാരപന്തലിൽ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ 101 പേർ പങ്കെടുക്കുന്ന മേളം അരങ്ങേറും. തുടർന്ന് ടൗൺഹാൾ വേദിയിൽ ഒരുക്കിയിട്ടുള്ള സ്റ്റേജിൽ രാഹുൽ പ്രസംഗിക്കും. യോഗത്തിനു ശേഷം ക്രെസന്റ് സ്‌കൂളിലേക്ക് പോകും. വെള്ളിയാഴ്ച വിശ്രമമാണ്. ശനിയാഴ്ച രാവിലെ പേരാമ്പ്ര അപ്പോളോ ടയേഴ്‌സിനു മുമ്പിൽനിന്ന്‌ ജാഥ പുനരാരംഭിക്കും

Leave A Comment