സ്റ്റേഡിയത്തിൽനിന്നു വീണ സംഭവം; രണ്ട് കോടി നഷ്ടപരിഹാരം തേടി ഉമാ തോമസ്
കൊച്ചി: കലൂർ ജവാഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ ഗാലറിയിൽനിന്നുവീണ് പരിക്കേറ്റ സംഭവത്തിൽ രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാ തോമസ് എംഎൽഎ സ്റ്റേഡിയത്തിന്റെ ഉടമകളായ ജിസിഡിഎയ്ക്ക് വക്കീൽ നോട്ടീസ് അയച്ചു.
നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമപരമായ തുടർനടപടി സ്വീകരിക്കുമെന്ന് അഡ്വ. പോൾ ജേക്കബ് വഴി നൽകിയ വക്കീൽനോട്ടീസിൽ പറയുന്നു.
ഗിന്നസ് റിക്കാഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യയ്ക്കിടെയായിരുന്നു എംഎൽഎ ഗാലറിയിൽ താത്കാലികമായി ഒരുക്കിയ ഉദ്ഘാടനവേദിയിൽനിന്ന് വീണത്.
മൃദംഗ വിഷൻ ആൻഡ് ഓസ്കർ ഇവന്റ് മാനേജുമെന്റായിരുന്നു പരിപാടിയുടെ സംഘാടകർ. ഒൻപത് ലക്ഷംരൂപ വാടകയ്ക്കായിരുന്നു സ്റ്റേഡിയം നൃത്തപരിപാടിക്കായി നൽകിയത്.
12,000 പേർ ഒരുമിച്ച് നൃത്തം ചെയ്യുന്നതായിരുന്നു പരിപാടി. സംഘാടകരുടെ വിശ്വാസ്യതപോലും പരിശോധിക്കാതെയാണ് ജിസിഡിഎ സ്റ്റേഡിത്തിൽ പരിപാടി അനുവദിച്ചതെന്ന് നോട്ടീസിൽ ആരോപിക്കുന്നു.
ഗാലറിയുടെ മുകളിൽ താത്കാലികമായി തയ്യാറാക്കിയ വേദിക്ക് യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ല. തറനിരപ്പിൽനിന്ന് 10.5 മീറ്റർ ഉയരത്തിലായിരുന്നു ഇത്. കൈവരി ഉണ്ടായിരുന്നില്ല. മുൻനിര സീറ്റിനുമുൻപിൽ ഉണ്ടായിരുന്നത് 50 സെന്റീ മീറ്റർ സ്ഥലമാണ്. ഇതിലൂടെ നടക്കുമ്പോഴാണ് തലയടിച്ച് താഴോട്ടുവീണത്. സ്ട്രെച്ചർ പോലും അവിടെ ഉണ്ടായിരുന്നില്ല.
10 മിനിറ്റ് എടുത്തു അപകടത്തിനുശേഷം സ്റ്റേഡിയത്തിന് പുറത്ത് എത്തിക്കാൻ. ഒൻപതുദിവസത്തിനുശേഷമാണ് ബോധം വീണ്ടെടുക്കാനായത്. മാസങ്ങൾ എടുത്തു സ്വതന്ത്രമായി നടക്കാൻ. ഇപ്പോഴും പൂർണമായും ആരോഗ്യം വീണ്ടെടുക്കാനായിട്ടില്ല. അപകടത്തിന്റെ ആഘാതം ഇപ്പോഴും തുടരുകയാണ്.
സ്റ്റേഡിയം വാടകയ്ക്ക് നൽകുമ്പോൾ അവിടെ എത്തുന്നവർ സുരക്ഷിതരായിരിക്കും എന്ന് ഉറപ്പാക്കാൻ ജിസിഡിഎയ്ക്ക് ബാധ്യതയുണ്ട്.
എന്തിനുവേണ്ടിയാണോ സ്റ്റേഡിയം ഉപയോഗിക്കേണ്ടത്, അത്തരം ആവശ്യങ്ങൾക്കേ നൽകാവു. അരലക്ഷത്തോളം ആളുകൾ ഒത്തുകൂടിയ പരിപാടിയിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടായി. ജിസിഡിഎയുടെ അറിവോടെയാണ് സ്റ്റേഡിയം സംഘാടകർ നിയമവിരുദ്ധമായി ഉപയോഗിച്ചത് എന്നേ കരുതാനാകൂ.
ഇതാണ് തന്റെ അപകടത്തിനും അതിലൂടെ തൃക്കാക്കര നിയമസഭാമണ്ഡലത്തിലെ ജനങ്ങൾക്കടക്കം നഷ്ടങ്ങൾ ഉണ്ടാകാൻ ഇടയാക്കിയതും. അതിനാൽ രണ്ടുകോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യപ്പെടുന്നത്.
Leave A Comment