വലപ്പാട് പോലീസ് കസ്റ്റഡി മർദനം: സിസിടിവി ദൃശ്യങ്ങൾ നൽകാൻ ഉത്തരവ്
തൃശൂർ: വലപ്പാട് പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനവും സ്ത്രീക്കെതിരായ ലൈംഗികാധിക്ഷേപവും സംബന്ധിച്ച പരാതിയിൽ, സംഭവദിവസത്തെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ നൽകാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. കിള്ളിക്കുളങ്ങര സ്വദേശി കെ.ആർ. റിജിത്ത് നൽകിയ അപ്പീലിലാണ് കമ്മീഷണർ എം. ശ്രീകുമാറിന്റെ ഉത്തരവ്.
മുൻ എസ്എച്ച്ഒ എം.കെ. രമേശിനെതിരായ പരാതിയിൽ, സിസിടിവി ദൃശ്യങ്ങൾ സ്വകാര്യതയെ ബാധിക്കുമെന്ന പോലീസ് വാദം കമ്മീഷൻ തള്ളി. പരാതിയിൽ ഉന്നയിച്ച കസ്റ്റഡി മർദനവും സ്ത്രീത്വത്തെ അപമാനിച്ചതും സംബന്ധിച്ച സത്യാവസ്ഥ പുറത്തുവരാൻ ദൃശ്യങ്ങൾ അനിവാര്യമാണെന്നു കമ്മീഷൻ നിരീക്ഷിച്ചു.
2024 നവംബർ 20നുണ്ടായ സംഭവവുമായി ബന്ധപ്പെട്ടാണ് പരാതി. സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കാൻ മുമ്പുതന്നെ ഡിഐജി നിർദേശം നൽകിയിരുന്നുവെന്നതും കമ്മീഷൻ പരിഗണിച്ചു. ഹർജിക്കാരനുവേണ്ടി നേർക്കാഴ്ച അസോസിയേഷൻ ഡയറക്ടർ പി.ബി. സതീഷിന്റെ വാദങ്ങൾ കമ്മീഷൻ പരിഗണിച്ചിരുന്നു.
Leave A Comment