കെഎസ്യു നേതാക്കള്‍ ഹാജരായില്ലെങ്കില്‍ കസ്റ്റഡിയിലെടുത്തേക്കും
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ കെസ്എസ്യു നേതാക്കള്‍ ഇനിയും ചോദ്യം ചെയ്യലിനു ഹാജരായില്ലെങ്കില്‍ കസ്റ്റഡിയില്‍ എടുത്തേക്കുമെന്ന് സൂചന.
കേസിലെ മൂന്നും നാലും പ്രതികളായ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവര്‍, മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡന്റ് സി.എ. ഫാസില്‍ എന്നിവര്‍ തുടര്‍ച്ചയായി മൂന്ന് തവണ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതോടെ അന്വേഷണം പ്രതിസന്ധിയിലായിരുന്നു.
തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നു കാണിച്ച് ഇവര്‍ക്ക് നോട്ടീസ് നല്‍കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. എന്നിട്ടും ഹാജരായില്ലെങ്കില്‍ കസ്റ്റഡിയില്‍ എടുത്തേക്കുമെന്നാണ് സൂചന.
അതേസമയം, എന്ത് അടിസ്ഥാനത്തിലാണ് തങ്ങള്‍ക്കെതിരേ കേസെടുത്തിട്ടുള്ളതെന്ന് പോലീസ് ഇനിയും വ്യക്താക്കിയിട്ടില്ലെന്നും ഇത് കള്ളക്കേസാണെന്നും ആരോപിച്ചാണ് ചോദ്യം ചെയ്യലിനോട് കെഎസ്യു സഹകരിക്കാത്തത്.
കേസ് റദ്ദാക്കുന്നതിനുള്ള നടപടികളും കെഎസ്യു നേതൃത്വം അലോചിക്കുന്നുണ്ട്. കേസില്‍ ഗൂഢാലാചന സംബന്ധിച്ച ഒരു തെളിവും ക്രൈംബ്രാഞ്ച് സംഘത്തിന് കണ്ടെത്താനായിട്ടില്ല.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടി പി.എം. ആര്‍ഷോയുടെ പരാതിയിലാണ് അന്വേഷണം. ആര്‍ഷോയുടെ മൊഴി അന്വേഷണ സംഘം നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്.
Leave A Comment