എസ്ഐആർ: വോട്ട് പോകാതിരിക്കാൻ നെട്ടോട്ടവുമായി രാഷ്ട്രീയ പാർട്ടികൾ
തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ സമ്പൂർണ വോട്ടർപട്ടിക ശുദ്ധീകരണ പ്രക്രിയയായ എസ്ഐആറിൽ കുരുങ്ങി വോട്ട് നഷ്ടമാകാതിരിക്കാനുള്ള തീവ്രശ്രമത്തിൽ രാഷ്ട്രീയ പാർട്ടികൾ.
അനുകൂലമായി നിൽക്കുന്ന വോട്ടർമാരെയും അനുകൂലമാകാൻ സാധ്യതയുള്ളവരെയും വോട്ടർ പട്ടികയിൽ നിലനിർത്താനും ഉൾപ്പെടുത്താനും കൊണ്ടുപിടിച്ച ശ്രമമാണ് രാഷ്ട്രീയ പാർട്ടികൾ നടത്തിവരുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാർട്ടികൾ എസ്ഐആർ പ്രശ്നങ്ങളിലേക്ക് സജീവശ്രദ്ധ തിരിച്ചിരിക്കുകയാണ്. പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാർ സജീവമായി രംഗത്തിറങ്ങിയത് ബിഎൽഒമാർക്കും ആശ്വാസമായിട്ടുണ്ട്. കണ്ടുമുട്ടാനാകാത്തവരുടെയും സ്ഥലത്ത് ഇല്ലാത്തവരുടെയും പ്രശ്നങ്ങളിൽ രാഷ്ട്രീയ പ്രവർത്തകർ ഇടപെടുന്നുണ്ട്.
സംസ്ഥാനത്ത് നിയമസഭ മണ്ഡല അടിസ്ഥാനത്തിൽ 24,437 പോളിംഗ് ബൂത്തുകളുണ്ട്. എല്ലാ ബൂത്തുകളിലും വിവിധ രാഷട്രീയ പാർട്ടികളുടെ പ്രതിനിധികളായി ബൂത്ത് ലെവൽ ഏജന്റുമാരെ ആവശ്യമുണ്ട്.
തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായി നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ബിഎൽഎമാരുടെ സേവനംകൂടി ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ പാർട്ടി നേതൃത്വം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ പട്ടിക അനുസരിച്ച് ഓരോ പാർട്ടികളുടെയും ബിഎൽഎമാർക്കു തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകിയിട്ടുണ്ട്.
സംസ്ഥാനതലത്തിൽ ബിഎൽഎമാരായി സിപിഎം- 21,346, സിപിഐ-5,120, ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്- 20,278, മുസ്ലിംലീഗ്- 4,286, ബിജെപി- 7,249 എന്ന കണക്കിനാണ് ബിഎൽഎമാർക്കു തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകിയിരിക്കുന്നത്.
Leave A Comment