നടിയെ ആക്രമിച്ച കേസ്: ശിക്ഷാ വിധി ഉടൻ, പ്രതികൾ കോടതി മുറിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉടൻ ശിക്ഷ വിധിക്കും. ആദ്യ ആറ് പ്രതികളായ എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവർക്കാണ് ശിക്ഷ വിധിക്കുന്നത്.
ഒന്നര മണിക്കൂറോളം നീണ്ട വാദത്തിനു ശേഷമാണ് ശിക്ഷാവിധി വൈകുന്നേരത്തേക്ക് മാറ്റിയതായി ജസ്റ്റീസ് ഹണി എം. വർഗീസ് അറിയിച്ചത്. എല്ലാ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. കുറ്റകൃത്യത്തിലെ പങ്കാളിത്തം അനുസരിച്ചല്ലേ ഓരോരുത്തർക്കും ശിക്ഷ വിധിക്കേണ്ടതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.
എന്നാൽ, ഗൂഢാലോചന തെളിഞ്ഞാൽ എല്ലാവർക്കും ഉത്തരവാദിത്തമെന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. യഥാർഥ പ്രതി പൾസർ സുനിയാണ്. എന്നാൽ മറ്റുള്ളവർ കുറ്റകൃത്യത്തിന്‍റെ ഭാഗമാണെന്നും എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ നല്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
വീട്ടിൽ അമ്മ മാത്രമേയുള്ളൂ എന്നും അമ്മയെ സംരക്ഷിക്കുന്നത് താനാണെന്നും ശിക്ഷയിൽ ഇളവു വേണമെന്നും പൾസർ സുനി കോടതിയിൽ പറഞ്ഞു. അതേസമയം, ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പ്രായമുള്ള മാതാപിതാക്കളുണ്ടെന്നും തന്‍റെ പേരിൽ മുൻപ് പെറ്റിക്കേസ് പോലുമില്ലെന്നുമാണ് രണ്ടാം പ്രതി മാർട്ടിൻ പറഞ്ഞത്.
തനിക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്നും തെറ്റു ചെയ്തിട്ടില്ലെന്നും ഭാര്യയും രണ്ട് കുട്ടികളുമുണ്ട്, ശിക്ഷയിൽ ഇളവു വേണമെന്നും മൂന്നാം പ്രതി മണികണ്ഠൻ കോടതിയിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.
അതേസമയം, തനിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്നും നാട് തലശരി ആയതിനാൽ കണ്ണൂർ ജയിലിലാക്കണമെന്നും നാലാംപ്രതി വിജീഷ് പറഞ്ഞു. താൻ തെറ്റു ചെയ്തില്ലെന്നും ഭാര്യയും മകളുമുണ്ടെന്നാണ് അഞ്ചാംപ്രതി എച്ച്. സലിം എന്ന വടിവാൾ സലിം കോടതിയിൽ പറഞ്ഞത്. ഇവർക്കു പുറമെ, കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ ആറാം പ്രതി പ്രദീപും ശിക്ഷയിൽ ഇളവ് വേണമെന്ന് അഭ്യർഥിച്ചു.
എന്നാൽ കുറ്റക്കാരണെന്നു കോടതി നേരത്തേ കണ്ടെത്തിയതാണെന്നും അതിൽ ഇനി വാദം വേണ്ട, ശിക്ഷാവിധിയിൽ മാത്രം വാദം മതിയെന്നും ജസ്റ്റീസ് ഹണി എം. വർഗീസ് പ്രതികളുടെ അഭിഭാഷകരോടു പറഞ്ഞു. ഇതോടെ, പ്രതികളുടെ അഭിഭാഷകർ എല്ലാവരും ശിക്ഷാകാലയളവ് കുറവ് വേണമെന്ന അഭ്യർഥനയാണ് നടത്തിയത്.
Leave A Comment