രാഷ്ട്രീയം

സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി നിതീഷ് കുമാറും ലാലു പ്രസാദ് യാദവും

ന്യൂ​ഡ​ൽ​ഹി: രാജ്യത്ത് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ലാലു പ്രസാദ് യാദവും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ബിജെപിക്കെതിരെ ബിഹാര്‍ മാതൃകയില്‍ സഖ്യമുണ്ടാക്കണമെന്ന് യോഗത്തിന് ശേഷം ലാലു പ്രസാദ് യാദവ് പ്രതികരിച്ചു. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമായി വിശദമായ ചര്‍ച്ചകള്‍ പിന്നീട് നടക്കുമെന്ന് നേതാക്കള്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുത്ത ശേഷം തുടര്‍ ചര്‍ച്ചകളുണ്ടാകുമെന്ന് സോണിയ ഗാന്ധി അറിയിച്ചു. പ്രതിപക്ഷ ഐക്യത്തിനായി മറ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കുമെന്ന് നിതീഷ് കുമാര്‍ ആവര്‍ത്തിച്ചു.

അതേസമയം ആര്‍ജെഡി, ജെഡിയു, സിപിഐഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഹരിയാനയില്‍ ശക്തി പ്രകടനം നടത്തി. പ്രതിപക്ഷ നിര ശക്തിപ്പെട്ടാല്‍ 2024ല്‍ ബിജെപി തോല്‍ക്കുമെന്ന് റാലിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തു. ബീഹാര്‍ മോഡല്‍ മഹാസഖ്യം കൊണ്ടുവരാനാണ് നീക്കം.വര്‍ഗീയ ധ്രൂവീകരണം മാത്രമാണ് ബിജെപി ലക്ഷ്യം എന്ന് നിതീഷ് കുമാര്‍ വിമര്‍ശിച്ചു.ജനാധിപത്യം സംരക്ഷിക്കാനുള്ള ദൗത്യത്തില്‍ ശിവസേന, അകാലിദള്‍, ജെഡിയു പാര്‍ട്ടികള്‍ ബിജെപി സഖ്യം ഉപേക്ഷിച്ചതായി തേജസ്വീ യാദവ് പറഞ്ഞു. ബിജെപിക്കെതിരായ പോരാട്ടത്തില്‍ രാജ്യം കേരളത്തെ മാതൃകയാക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

രാജ്യത്തെ സംരക്ഷിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം എന്ന് യെച്ചൂരി ആവശ്യപ്പെട്ടു. പ്രതിപക്ഷനിര ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്കായാണ് നിതീഷ് കുമാറും ലാലുപ്രസാദ് യാദവും ചേര്‍ന്ന് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങിയത്.

Leave A Comment