രണ്ട് ടേം കടുംപിടുത്തത്തിനില്ലെന്ന് CPI; കൊടുങ്ങല്ലൂരിൽ സുനിൽ കുമാറിനെ മാറ്റിയേക്കില്ല
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് ടേം നിബന്ധനയിൽ കടുംപിടുത്തത്തിനില്ലെന്ന് സിപിഐ. രണ്ട് ടേം വ്യവസ്ഥ വന്നാൽ വിജയ സാധ്യത കുറയുമെന്ന് കണക്കാക്കിയാണ് നീക്കം. മന്ത്രി കെ രാജൻ ഒല്ലൂരിൽ വീണ്ടും മത്സരിച്ചേക്കും. കൊടുങ്ങല്ലൂരിൽ നിന്ന് അഡ്വ. വി ആർ സുനിൽ കുമാറിനെ മാറ്റിയേക്കില്ല. പട്ടാമ്പിയിൽനിന്ന് മുഹമ്മദ് മുഹ്‌സിൻ തന്നെയായിരിക്കും ജനവിധി തേടുകയെന്നാണ് സൂചന.മൂന്ന് ടേം പൂർത്തിയാക്കിയ എല്ലാവരെയും മാറ്റും. അങ്ങനെയാണെങ്കിൽ ഇ ചന്ദ്രശേഖരൻ, ചിറ്റയം ഗോപകുമാർ, ഇ കെ വിജയൻ, ഇ എസ് ജയലാൽ എന്നിവർക്ക് ഇത്തവണ സീറ്റുണ്ടാവില്ല. മൂന്നാമതും ഭരണം പിടിക്കുകയെന്ന ലക്ഷ്യവുമായി എൽഡിഎഫ് മുന്നോട്ടുപോകുമ്പോൾ അതിനായി ചില വിട്ടുവീഴ്ചകൾ ചെയ്യാനാണ് സിപിഐയുടെ നീക്കം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും രണ്ട് ടേം വ്യവസ്ഥയിൽ ചില വിട്ടുവീഴ്ചകൾ ചെയ്ത് ചിലർക്ക് മത്സരിക്കാൻ അവസരം കൊടുത്തിരുന്നു. ആ രീതി തന്നെയായിരിക്കും ഇത്തവണയും സ്വീകരിക്കുക. 17 എംഎൽഎമാരാണ് സിപിഐക്ക് ഉള്ളത്. ഇതിൽ പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. പിന്നീടുള്ള 16 എംഎൽഎമാരിൽ 11 പേരും രണ്ട് ടേം പൂർത്തിയാക്കിയവരാണ്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ 11 പേരെയും മാറ്റുകയാണെങ്കിൽ വലിയ രീതിയിൽ പുതുമുഖങ്ങളെ കണ്ടെത്തേണ്ടിവരും. ഇത് വിജയസാധ്യത പല സ്ഥലത്തും കുറച്ചേക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം 2021ൽ കർശനമായി നടപ്പിലാക്കിയ രണ്ട് ടേം വ്യവസ്ഥ ഇത്തവണ സിപിഐഎമ്മും ഇത്തവണ വേണ്ടെന്ന് വെച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
2021ൽ സിപിഐഎം വിജയിച്ച 62 സീറ്റുകളിൽ 23 എണ്ണത്തിലും രണ്ടാം തവണയും മത്സരിച്ചവരായിരുന്നു. രണ്ട് ടേം നിബന്ധന കർശനമാക്കിയാൽ ഈ 23 പേർക്കും സിപിഐഎം ഇത്തവണ സീറ്റ് നിഷേധിക്കേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ ഇവരില്‍ പകുതിയിലേറെപ്പേരെ എംഎൽഎമാരെ വീണ്ടും മത്സരിപ്പിച്ചില്ലെങ്കിൽ സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെട്ടേക്കാമെന്നാണ് സിപിഐഎം കണക്ക് കൂട്ടൽ.
അതിനാൽ രണ്ട് ടേം വ്യവസ്ഥ ഒഴിവാക്കാൻ ഇത്തവണ സിപിഐഎമ്മിൽ തത്വത്തിൽ ധാരണയായെന്നാണ് വിവരം. കഴിഞ്ഞ തവണ രണ്ട് ടേം വ്യവസ്ഥ കർശനമാക്കിയതിനെ തുടർന്ന് മത്സരരംഗത്ത് നിന്ന് മാറ്റി നിർത്തിയ തോമസ് ഐസക്ക് ഉൾപ്പെടെയുള്ള ഏതാനും നേതാക്കളെ 2026ൽ മത്സരിപ്പിക്കാനും സിപിഐഎം ആലോചിക്കുന്നുണ്ട്.
Leave A Comment