രാഹുലിന് സീറ്റ് നൽകരുതെന്ന് പറഞ്ഞിട്ടില്ല; തിരുത്തുമായി പി. ജെ. കുര്യൻ
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകരുതെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. മറ്റ് ആരെങ്കിലും പാലക്കാട് നിന്നാൽ ജയിക്കുമോ എന്ന് ചോദിച്ചതിന് ജയിക്കും എന്ന മറുപടി മാത്രം ആണ് നൽകിയത് എന്നും പി.ജെ. കുര്യൻ വിശദീകരിച്ചു.
സീറ്റ് നൽകരുതെന്ന പ്രസ്താവനയിൽ കുര്യനെ നേരിട്ട് രാഹുൽ അതൃപ്തി അറിയിച്ചിരുന്നു. എൻഎസ്എസ് ആസ്ഥാനത്ത് വച്ചാണ് അതൃപ്തി അറിയിച്ചത്. ഇതിന് പിന്നാലെയാണ് തിരുത്തുമായി കുര്യൻ രംഗത്തെത്തിയിരിക്കുന്നത്.
താൻ ഉൾപ്പടെ മുതിർന്ന നേതാക്കൾ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കണമെന്നും ഇത്തവണ എംപിമാരെ മത്സരിപ്പിക്കാൻ സാധ്യത കുറവായിരിക്കുമെന്നും കുര്യൻ പറഞ്ഞിരുന്നു.
യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും പറഞ്ഞ അദ്ദേഹം ലൈംഗിക പീഡനക്കേസുകളിൽ ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിലിന് ഇനി സീറ്റ് നൽകരുതെന്നും ആവശ്യപ്പെട്ടിരുന്നു.
'മത്സരിക്കാൻ യോഗ്യർ പാലക്കാട് തന്നെയുണ്ട്. യുവാക്കൾ വരുമ്പോൾ മാനദണ്ഡം വയ്ക്കണം. ഭാഷയും സൗന്ദര്യവും മാത്രം മതിയെന്ന് കരുതുന്ന ചില സ്ഥാനമോഹികളുണ്ട്. അവരെ മാറ്റിനിർത്തിയില്ലെങ്കിൽ തിരിച്ചടിയുണ്ടാകും.'-പി. ജെ. കുര്യൻ അഭിപ്രായപ്പെട്ടിരുന്നു.
Leave A Comment