രാഷ്ട്രീയം

പിഎം ശ്രീയിലെ 'ബ്രിട്ടാസ് പാലം', സിപിഐയിൽ കടുത്ത അതൃപ്തി

തിരുവനന്തപുരം: പിഎംശ്രീ കരാറിൽ ജോൺ ബ്രിട്ടാസ് പാലമായെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തലിൽ കടുത്ത അതൃപ്തിയിൽ സിപിഐ. ധർമ്മേന്ദ്ര പ്രധാൻ്റെ വെളിപ്പെടുത്തലിൽ സിപിഎം വിശദീകരിക്കണമെന്ന് ഡി രാജ ആവശ്യപ്പെട്ടു. അമർഷമുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കാലമായതിനാൽ പരസ്യപ്രതികരണം വേണ്ടെന്നാണ് സിപിഐ സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാട്. 

കേരളത്തിന് കേന്ദ്ര ഫണ്ട് കിട്ടാൻ ഇനിയും ഇടപെടുമെന്നായിരുന്നു ജോണ്‍ ബ്രിട്ടാസിൻ്റെ പ്രതികരണം. സിപിഎമ്മും ഇടതുമുന്നണിയും നയപരമായി എതിര്‍ക്കുന്ന വിഷയത്തിൽ കരാറിലേര്‍പ്പെടാൻ ബ്രിട്ടാസ് ഇടനില നിന്നെങ്കിൽ ആ നീക്കം നിഷ്കളങ്കമെന്ന് സിപിഐ കരുതുന്നില്ല.

കടുത്ത അമർഷമുണ്ടെങ്കിലും തെരഞ്ഞെടുപ്പായതിനാൽ പരസ്യമായി ഉടക്കിനില്ല സംസ്ഥാന നേതൃത്വം. കോൺഗ്രസിനെ വിമർശിച്ചായിരുന്നു വിവാദത്തിൽ ബ്രിട്ടാസിൻ്റെ പ്രതികരണം. കേന്ദ്രത്തിനും കേരളത്തിനും ഇടയിലെ പാലമെന്നാണെങ്കില്‍, അത് ഉത്തരവാദിത്വമെന്നാണ് ജോൺ ബ്രിട്ടാസ് എംപിയുടെ പ്രതികണം. 

കേരളത്തിന് പാരയായി നിൽക്കുന്നതല്ല എൻ്റെ പണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ സാഹചര്യത്തിൽ പിഎംശ്രീ കരാറിൽ സിപിഐ നിലപാട് വ്യക്തമാക്കണമെന്നാണ് കോൺഗ്രസ് യുഡിഎഫ് നേതാക്കളുടെ ആവശ്യം. 

യു ടൂ ബ്രിട്ടാസ് എന്നും ബ്രിട്ടാസ് മുന്നയെന്ന മട്ടിലും സൈബര്‍ പ്രചാരണവും പ്രതിപക്ഷം ശക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട പണം കിട്ടിയേ തീരൂ എന്ന നിലപാട് വിദ്യാഭ്യാസ മന്ത്രി ആവര്‍ത്തിക്കുന്നുണ്ട്. കരാറുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകളോട് സിപിഎമ്മിന് വിമുഖതയുമാണ്.

Leave A Comment