വാല്‍ക്കണ്ണാടി

ഇമ്മിണി ബല്ല്യ ബഷീർ

വാൽക്കണ്ണാടി 

ലയാള സാഹിത്യ രംഗത്തെ സൂര്യ തേജസ്സായിരുന്നു വൈക്കം മുഹമ്മദ് ബഷീർ.
കേരളത്തിലെ ഗതകാല ജാതി സമൂഹത്തിന്റെ  അതിസൂക്ഷ്മവും സമഗ്രവുമായ സാമൂഹ്യ ചരിത്രം ജീവിത സ്വരൂപത്തിൽ സങ്കല്പിക്കാൻ മാത്രമല്ല സമ്പൂർണ്ണമായ ജീവൽ പ്രതീതിയോടെ അത് ചിത്രീകരിക്കാൻ കൂടിക്കഴിഞ്ഞ ബഷീർ കേരള ചരിത്രത്തിന്റെ മുന്നിൽ പുതിയൊരു ചക്രവാളമാണ് അവതരിപ്പിച്ചിട്ടുള്ളത്. 

വാചാലതയെ ഉദാഹരിക്കുന്ന രചനകൾ 

ഷീറിനെപ്പോലെ ശ്രദ്ധേയമായ കഥാകാരൻ അദ്ദേഹത്തോടൊപ്പവും പിൽക്കാലത്തും വന്നുവെങ്കിലും ബഷീറിൽ കാണുന്ന അനുക്രമമായ വളർച്ച അതുപോലെ പരിണാമോന്മുഖമായി മറ്റധികമാരിലും കാണുന്നില്ല.  മനുഷ്യ ജീവിതത്തിന്റെ അനുബന്ധമായ സാമൂഹിക സാംസ്‌കാരിക ബന്ധങ്ങളുടെ സമന്വയമാണ് ബഷീറിന്റെ രചനകളിൽ നമുക്ക് അനുഭവപ്പെടുന്നത്.  കഷ്ടപ്പാടും, കാത്തിരിപ്പും, കടപ്പെടലും, കടം വീട്ടലും, ലാളിത്യവും, മനുഷ്യ സ്നേഹവും എല്ലാം ചേർന്ന എഴുത്തുകാരൻ എന്ന നിലയിലുറപ്പിച്ച ബഷീറിന്റെ ആദ്യ കാല കൃതികളിൽ വാഗ്മികതയെക്കാൾ വാചാലതയെയാണ് ഉദാഹരിക്കുന്നത്. 

സാമൂഹ്യ യാഥാർഥ്യങ്ങൾ ദയനീയാക്രാന്തനങ്ങൾ പുറപ്പെടുവിക്കാൻ ഇടയാക്കുന്നത് ബഷീറിന്റെ കൃതികളിലെവിടെയും നഗ്നരൂപത്തിൽ ചിത്രീകൃതമാകുന്നുണ്ട്. സംഭവ്യതാബോധനത്തിന് ഒരിടത്തും ഭംഗമുണ്ടാകുന്നില്ല.  ഹൃദയ വികാരങ്ങളുടെ അപഗ്രഥനം മനോമോഹനമാക്കിത്തീർക്കുന്നതിൽ പങ്കുവഹിച്ചിരിക്കുകയും ചെയ്യുന്നു.  സഹജമായ പ്രതിഭയിൽ ആ കാലഘട്ടം ചെലുത്തിയ സ്വാധീനശക്തിയുടെ പരിണതഫലമായിട്ടാണ് ഇപ്രകാരമുള്ള സവിശേഷതകൾ ആ സൃഷ്ടികളിൽ കലർന്നത്. 

ബഷീറിന്റെ കൃതികളുടെ വിജയത്തിന് കാരണമായി മറ്റൊരു ഘടകം കൂടിയുണ്ട്.  ഭാഷാശൈലിയാണത്. ഏതെഴുത്തുകാരന്റെയും വ്യക്തിത്വവുമായി അതിഗാഢമാം വിധം ബന്ധപ്പെട്ടതാണ് ശൈലിയെന്ന സത്യം മറക്കുന്നില്ല. എങ്കിലും ആ വികൃതമായ പ്രമേയത്തിന് അനുഗുണമാംവിധം അതിനു അയവോ മൂർച്ചയോ വരുന്നിടത്താണ് അയാൾ രചനാപരമായി വിജയം നേടുന്നത്. ആ അടിസ്ഥാനത്തിലാണ് ബഷീറിന്റെ ഭാഷണശൈലി കാണേണ്ടത്. 

യുക്തിബന്ധമായ സദാചാര ബോധത്തിന്റെ നിയന്ത്രണം ബഷീറിന്റെ കഥകളിലും നോവലുകളിലും ഒരു പോലെ കാണാം. കാലത്തിന്റെ അപ്രതിഹതമായ ഗതിയും മരണവും, പുണ്യപാപങ്ങളും മനുഷ്യപ്രയത്നങ്ങളുടെ ആത്യന്തികമൂല്യങ്ങളെ സംബന്ധിക്കുന്ന സമസ്യകളും മറ്റും ബഷീറിന്റെ കഥാഗതിയുടെ അവിഭാജ്യ ഘടകങ്ങളായി കലർന്നിരിക്കുന്നു. സമകാലിക സാമൂഹിക ജീവിതത്തിന്റെ സ്ഥൂലമായ ചിത്രം അതിന്റെ വിശദശാംശങ്ങളോടെ അവതരിപ്പിക്കുകയാണ് ബഷീർ ചെയ്തത്. 

നമ്മുടെ കാലഘട്ടത്തിലെ സജീവ സാന്നിധ്യമായിരുന്നു ബഷീർ. സാഹിത്യം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരലങ്കാരമല്ല.  ജീവിതത്തിന്റെ ഭാഗം തന്നെയാണ്.  അദ്ദേഹവും വായനക്കാരും തമ്മിൽ സുതാര്യമായ ഒരു മാറപോലും വച്ചിരുന്നില്ല.  വായനക്കാരുമായി ലാളിത്യത്തോടു കൂടി സംവേദനം നടത്താൻ അദ്ദേഹത്തിന് സാധിച്ചത് ചെറിയ കാര്യമല്ല. ലാളിത്യം തന്നെയാണ് ശക്തി.  

മഹാത്മാഗാന്ധിയെ തൊടണമെന്നൊരാശ; നിറവേറ്റി
 
ലയാളത്തിന്റെ ഈ പ്രിയപ്പെട്ട മഹാകഥാകാരൻ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ തലയോലപ്പറമ്പിൽ പുരാതനമായ കണ്ണിത്തറ വൈപ്പേൽ കുടുംബത്തിൽ കായി അബ്ദുറഹിമാന്റെ മകനായി 1908 ജനുവരി 20-നാണ് ജനിച്ചത്.  മാതാവ് കുഞ്ഞാച്ചൂമ്മ. അദ്ദേഹത്തിന്റെ ജനനസമയത്തിനടുത്ത് വീടിന് തീപിടിച്ചിരുന്നു.  പക്ഷെ ഉമ്മയും കുഞ്ഞും അത്ഭുതകരമാം വിധം രക്ഷപ്പെട്ടു.  

തലയോലപ്പറമ്പിലെ മലയാളം സ്‌കൂളിലും, വൈക്കത്തെ ഇംഗ്ലീഷ് സ്കൂളിലുമായിരുന്നു വിദ്യാഭ്യാസം. സ്കൂൾ പഠനത്തോടൊപ്പം തന്നെ വീട്ടിലിരുന്ന് ഖുറാൻ, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളും പഠിച്ചു. വൈക്കത്തെ ഇംഗ്ലീഷ് സ്കൂളിൽ ഫിഫ്ത് ഫോമിൽ പഠിക്കുമ്പോൾ വൈക്കം സത്യാഗ്രഹം നടക്കുകയായിരുന്നു. വൈക്കത്തെത്തിയ മഹാത്മാഗാന്ധിയെ തൊടണമെന്നൊരാശ അദ്ദേഹത്തിന്റെ മനസ്സിൽ ഉടലെടുത്തു. ആയിരക്കണക്കിനാളുകളുടെ ഇടയിലൂടെ നൂഴ്ന്നുകയറി തന്റെ ആശ നിറവേറ്റി. കാറിൽ കയറാൻ പോയ ഗാന്ധിജിയുടെ വലതുതോളിൽ അദ്ദേഹം തൊട്ടു. 

ചെറുപ്പത്തിൽ തന്നെ സ്വതന്ത്ര്യസമരത്തിലും പൊതു പ്രവർത്തനത്തിലും താല്പര്യമുണ്ടായിരുന്ന ബഷീർ പഠിപ്പുപേക്ഷിച്ച് വീട്ടിൽ നിന്നും പുറപ്പെട്ടു.  അന്ന് കോഴിക്കോട് മുഹമ്മദ് അബ്‌ദുറഹ്മാൻ സാഹിബിന്റെ പ്രസിൽ ജോലി നോക്കിയിരുന്ന ഒരു വൈക്കത്തുകാരൻ ഉണ്ടായിരുന്നു.  അയാളുടെ അടുത്തേക്ക് പോകുക എന്നതായിരുന്നു ഉദ്ദേശം.  വൈക്കത്തു നിന്നും കാൽനടയായി എറണാകുളം വരെയും അവിടെ നിന്ന് കള്ളവണ്ടി കയറി കോഴിക്കോട്ടുമെത്തി.  ബഷീർ ഉദ്ദേശിച്ച ആൾ സ്ഥലത്തുണ്ടായിരുന്നില്ല. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ  ഓഫീസിനുമുന്നിൽ രാത്രി ചുരുണ്ട് കൂടികിടന്ന ബഷീറിന് സാഹിബ് ഭക്ഷണം വാങ്ങിക്കൊടുക്കുകയും ഓഫീസിൽ ഉറങ്ങാൻ അനുവദിക്കുകയും ചെയ്തു.  

അനുഭവങ്ങളുടെ തീവ്രത അനശ്വരമാക്കിയ കൃതികൾ 
ഷീർ ഏഴു കൊല്ലത്തോളം നീണ്ട യാത്രക്കൊടുവിൽ നാട്ടിൽ തിരിച്ചെത്തി. വീണ്ടും കൊച്ചിയിൽ തന്നെ താമസമാക്കി. രാജ്യാഭിമാനി എന്ന പാത്രത്തിൽ ഒരു ലേഖന മെഴുതിയതിന്റെ പേരിൽ തിരുവിതാംകൂർ ഗവണ്മെന്റ് പത്രം കണ്ടുകെട്ടി.  ദിവാനായിരുന്ന സർ സിപി രാമസ്വാമി അയ്യരുടെ ഉറക്കം കെടുത്തുന്ന കുറെ തീപ്പൊരി ലേഖനങ്ങളും അദ്ദേഹം എഴുതി. ബഷീറിനെ അറസ്റ്റ് ചെയ്യാൻ വാറണ്ട് പുറപ്പെടുവിക്കപ്പെട്ടു. സർ സിപിയുടെ പോലീസ് 1942-ൽ ബഷീറിനെ അറസ്റ്റ്ചെയ്തു.  കോടതി രണ്ടു കൊല്ലം കഠിന തടവും ആയിരം രൂപ പിഴയും വിധിച്ചു. 

കോട്ടയം, തിരുവനന്തപുരം ജയിലുകളിലാണ് അദ്ദേഹത്തെ പാർപ്പിച്ചത്. അവിടത്തെ അനുഭവങ്ങളാണ് മതിലുകൾ എന്ന കൃതി എഴുതാൻ സഹായിച്ചത്.  പ്രേമലേഖനവും ജയിലിൽ വച്ച് എഴുതിയതാണ്.

ബഷീറിന്റെ ആദ്യ നോവൽ പ്രേമലേഖനം 1943-ലാണ് പ്രസിദ്ധീകരിച്ചത്.  ബാല്യകാല സഖി 1944-ലുമാണ്. ബാല്യകാല സഖി സഞ്ചാരിയായി നടന്ന കാലത്ത് കൊൽക്കത്തയിൽ വച്ചാണ് എഴുതാനാരംഭിച്ചത്.  ഇംഗ്ലീഷിൽ എഴുതി തുടങ്ങിയ ആ കൃതി പിന്നീടാണ് മലയാള രൂപത്തിലാക്കിയത്. സ്വന്തം ജീവിതാനുഭവങ്ങൾ പകർത്തിയ ബാല്യകാലസഖിയുടെ പ്രസിദ്ധീകരണത്തോടെ ബഷീർ മലയാളത്തിലെ സർഗാത്മക സാഹിത്യകന്മാരുടെ മുൻനിരയിലെത്തി.  

ഇക്കാലത്ത് ബഷീർ സർക്കിൾ ബുക്ക് ഹൗസ് എന്ന പേരിൽ ഒരു പുസ്തകശാല നടത്തുന്നുണ്ടായിരുന്നു.  കളാബൂജം  എന്ന നാടകവും ജന്മദിനം എന്ന ചെറുകഥാസമാഹാരവും 1945-ലാണ് പ്രസിദ്ധീകരിക്കുന്നത്.  1946-ൽ ഓർമ്മക്കുറിപ്പ്, അനർഘനിമിഷം  എന്നീ കൃതികളും 1947 ൽ ശബ്ദങ്ങൾ എന്ന കൃതിയും പുറത്തിറക്കി.  ബഷീർ എന്ന എഴുത്തുകാരൻ ഏറെ വിമർശിക്കപ്പെട്ടതും, ഏറെ കരുത്തു നേടിയതും ശബ്ദങ്ങൾ എന്ന കൃതിയുടെ പ്രസിദ്ധീകരണത്തോടെ ആയിരുന്നു.  

പാത്തുമ്മയുടെ ആട് 1959-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.  ഈ കൃതിയുടെ പ്രസിദ്ധീകരണത്തോടെ ബഷീറിന്റെ സാഹിത്യ രംഗത്തുള്ള കീർത്തി വർദ്ധിച്ചു. 

കഥകളുടെ സുൽത്താൻ 

ഷീർ കോഴിക്കോട്ട് ബേപ്പൂരിൽ വൈലാലിൽ എന്ന പറമ്പും വീടും വിലയ്ക്കു വാങ്ങി 1962-ൽ താമസം മാറ്റി. 

അദ്ദേഹം നവീന മലയാള സാഹിത്യ ലോകത്ത് ഏറ്റവുമധികം വായനക്കാരുണ്ടായ എഴുത്തുകാരനാണ്. ബഷീറിന്റെ അനുവാചകർ കൗതുകത്തോടെ വായിക്കാനും വായിച്ചതൊക്കെ നെഞ്ചേറ്റി ലാളിക്കാനും സ്വന്തം അനുഭവങ്ങളുടെ നേരിയ നൊമ്പരങ്ങളായി അവയെ സൂക്ഷിക്കാനും കഴിഞ്ഞ ഒരു സമൂഹമായിരുന്നു. ബഷീർ സ്വയം പാകപ്പെടുത്തിയ വാക്കുകൾകൊണ്ട് ഒരു സ്വകാര്യ പ്രപഞ്ചം സൃഷ്ടിച്ചു. അതിൽ പൊന്നു തമ്പുരാന്റെ സൃഷ്ടിയിലെ സമസ്ത ജീവജാലങ്ങളും അന്തർഭവിച്ചിരുന്നു.  ലോകസാഹിത്യ ശ്രേണിയിലേക്ക് ബഷീറിന്റെ രചനകൾ മൊഴിമാറ്റം നടത്തപ്പെട്ടു. 

ഭാഷയും സാഹിത്യവും ബഷീറെന്ന കേന്ദ്ര ബിന്ദുവിനു ചുറ്റും നിലയില്ലാതെ തിരിയുകയായിരുന്നു. വാക്കുകളുടെ ഘോഷയാത്രയിൽ ബഷീർ മുമ്പനായി വിലസി.  വാക്കുകളുടെയും വികാരങ്ങളുടെയും പദങ്ങളുടെയും ഭാവങ്ങളുടേയും സങ്കലനമായ കഥകളുടെ സുൽത്താനായി ബഷീർ മുത്തുക്കുടചൂടി മുന്നിൽ നടന്നു.  തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ, സഹജീവികളോടുള്ള കറകളഞ്ഞ സ്‌നേഹം, തന്റേതായ പ്രപഞ്ചം, അന്ധകടാഹത്തെക്കുറിച്ചുള്ള അടിയുറച്ച വിശ്വാസം, പച്ചയായ ജീവിതാനുഭവങ്ങൾ,  നൈസർഗികമായ നർമ്മബോധം എന്നിവയെല്ലാം ചേർന്നോരാധുനിക രചനാവൈഭവം ബഷീർ സ്വായത്തമാക്കി. അത് മലയാള വായനക്കാർക്ക് ഏറെ ഹൃദ്യമായി. എന്നാൽ പാരമ്പര്യ വിമർശകന്മാരിൽ ചിലർ അദ്ദേഹത്തെ പരിഹസിച്ചു. 

അവരതിനെ പിരാന്തായി കണക്കാക്കി. പക്ഷെ കാലം കൈനീട്ടി സ്വീകരിച്ച ആ കൃതികൾ ക്ലാസിക്കുകളായി തീർന്നു.  ഉയരങ്ങളിലേക്കും പിന്നെയും പിന്നെയും ഉയരങ്ങളിലേക്കും അവ ചെന്നെത്തപ്പെട്ടു. ഒറ്റപ്പെട്ട ചിന്തകളും ശൈലിയും പ്രതിപാദനവുമെല്ലാം ആ നവീനധാരക്ക് ഉന്മേഷം പകർന്നു.  അത് സാഹിത്യത്തിന് പുതിയ വെളിച്ചം നൽകി.  ആ വെളിച്ചത്തിനു എന്തൊരു വെളിച്ചമാണ്.   ബഷീർ കൃതികളുടെ തനിമയായി മാറിയ നിഷ്കളങ്കതയും ഗ്രാമീണതയും,  തഴച്ചുവളർന്നു.  സ്വന്തം ഗൃഹം, ഗ്രാമീണർ, തീക്ഷ്ണമായ അനുഭവങ്ങൾ, സഞ്ചരിച്ച സംസ്‌കാരനിബിഡമായ അന്യദേശങ്ങൾ ഇതൊക്കെ ബഷീറിന്റെ ചിന്തകളെ തേച്ചുമിനുക്കിക്കൊണ്ടിരുന്നു. 

 ബഷീറിന്റെ  എഴുത്തിന്റെ ഇരകൾ 

ജീവിതവും സാഹിത്യവും ബഷീറിന് വേറിട്ട് കാണുവാൻ കഴിഞ്ഞില്ല. കൺമുമ്പിൽ കണ്ടതെല്ലാം ബഷീറിന് എഴുത്തിന്റെ ഇരയായി.  അവയിലെല്ലാം ജീവിതഗന്ധികളായ വിഷയങ്ങളുടെ ചൈതന്യം നിറഞ്ഞുനിന്നു. മുറ്റത്തെ കരിങ്കല്ലുകൊണ്ടുള്ള അതിരും ചാമ്പ മരവും, മൂർഖകനും, മൂക്കനുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. പ്രപഞ്ചമായ പ്രപഞ്ചങ്ങളിലൊക്കെ ആവാസ വ്യവസ്ഥയെ ഒന്നായി കാണണമെന്നും ജനിതക സമ്പ്രദായങ്ങളുടെ കടക്കൽ കത്തിവച്ചാൽ അത് സർവ്വ വിനാശത്തിന്റെ വിത്തുപാകലുമാകുമെന്നും ബഷീറിന്റെ കൃതികൾ ഉദ്‌ഘോഷിക്കുന്നുണ്ട്.  

രചനകൾക്ക് തലക്കെട്ടുകൾ നൽകുന്നതിൽ ഇത്രയേറെ വൈവിധ്യം പുലർത്തിയ മറ്റൊരെഴുത്തുകാരൻ മലയാള സാഹിത്യത്തിലുണ്ടാവില്ല. ബഷീറിന് അനുവാചകരെ നേർക്കുനേർ നർമ്മബോധത്തിന്റെ പൂക്കുറ്റി വാരി വിതറുമ്പോൾ തന്നെ കണ്ണീരും നൊമ്പരങ്ങളും നൽകി അവരെ പൊട്ടിക്കരയിക്കുന്നതിനും കഴിഞ്ഞു.  പട്ടിണിപ്പാവങ്ങളും, വേശ്യകളും, ജയിൽപ്പുള്ളികളും, സ്വവർഗാനുരാഗികളുമൊക്കെ ബഷീറിന്റെ കഥാപാത്രങ്ങളായി സ്ഥാനമുറപ്പിച്ചു.  

അക്കാലത്തെ നോവലുകളിൽ ഇത്തരം കഥാപാത്രങ്ങൾ ദുശ്ശകുനങ്ങളായിരുന്നു.  എന്നാൽ ബഷീർ ഇത്തരം കഥാപാത്രങ്ങളുടെ അന്തർധാരകളിലേക്കിറങ്ങിച്ചെന്നു. അവരുടെ നിസ്സഹായത വായനക്കാരുടെ മുന്നിൽ തുറന്നു കാട്ടി.  അതിനുനർമ്മത്തിന്റെ മേമ്പൊടി ചേർത്തു. അവരുടെ നിസ്സഹായതയിൽ നിന്നും ഉയിർത്തെഴുന്നേറ്റ മുനയുള്ള ചോദ്യങ്ങൾ സമൂഹത്തിന്റെ നേർക്ക് എയ്തു വിട്ടു. 

ആ ശരങ്ങളേറ്റ്  മുറിവ് പറ്റിയവർ പോലും മേലാള,  കീഴാള വ്യത്യാസമില്ലാതെ ആ കൃതികൾ ലാളിക്കാൻ തയാറായി.  

ഭാഷക്കുള്ളിൽ ഭാഷയുണ്ടാക്കിയ സാഹിത്യകാരൻ 

വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യരചനകൾ ലോകസമക്ഷം പരിചയപ്പെടുത്തിയതിൽ റൊണാൾഡ്‌ ആഷർ എന്ന എഴുത്തുകാരന്റെ പങ്ക് വിസ്മരിക്കാനാവില്ല. സ്വാതന്ത്ര്യ സമര കാലഘട്ടം മുതൽ ബഷീറിന്റെ മനസ്സിലൂന്നിയ ഏകലോകമെന്ന ആശയവും മനുഷ്യ സാഹോദര്യവും എല്ലാ കഥകളെയും സ്വധീനിച്ചിരിക്കുന്നു. പരത്തിപ്പറയാനിഷ്ടമില്ലാത്ത ബഷീർ തടിയൻ നോവലുകൾക്ക് രൂപ ഭദ്രതയുണ്ടാകില്ലെന്ന് വിശ്വസിച്ചിരുന്നു. 

  ജീവിതത്തിൽ  ജീവിക്കാൻ വേണ്ടി പകർന്നാടിയ വേഷങ്ങളാണ് ബഷീറിന്റെ വ്യക്തിത്വം വളർത്തിയത്.  അദ്ദേഹം പോലീസ് ലോക്കപ്പിൽ ആയിരുന്നപ്പോൾ നല്ല കഥകളും രചിച്ചു.  വൈക്കം മുഹമ്മദ് ബഷീർ 1958 ഡിസംബർ 18ആം തിയതിയാണ് വിവാഹിതനായത്.  അദ്ദേഹത്തിന്റെ കുടുംബം ബേപ്പൂരിൽ വായനയും എഴുത്തും വിശ്രമവേളകളിൽ സ്വന്തം ഗ്രാമഫോണിൽ നിന്നുള്ള പാട്ടുംകേട്ട് മുന്നോട്ട് നീങ്ങി.  ബഷീർ ഭാഷക്കുള്ളിൽ ഭാഷയുണ്ടാക്കിയ സാഹിത്യകാരനായിരുന്നു.  അദ്ദേഹത്തിൻ്റെ കൃതികളിൽ കലാത്മകത തുടിച്ചു നിൽക്കുന്നു.  അടൂർ ഗോപാലകൃഷ്ണന്റെ മതിലുകൾ എന്ന ചലച്ചിത്രാവിഷ്കാരം ബഷീറിനെ ഏറെ പ്രശസ്തനാക്കി.  ബഷീറിന്റെ ദർശനം വാഗ്മയ ശില്പങ്ങളിൽ ഒതുങ്ങിയിരുന്നു. 

ബഷീർ കൃതികളുടെ മുഖമുദ്രകൾ

ഴയ പ്രതാപം പൊക്കിപ്പിടിച്ചു നടന്ന് സ്വയം നശിക്കുന്ന യാഥാസ്ഥിതിക മുസ്ലീങ്ങളുടെ ചിത്രമാണ് ന്റപ്പൂപ്പാക്കൊരാനേണ്ടാർന്ന്. കുഞ്ഞിപ്പാത്തു ആണ് ഇതിലെ നായിക.  ആനക്കാർ ഇവരുടെ പിതാമഹനാണ്.  കുഞ്ഞിപ്പാത്തു കൗമാരത്തിലേക്ക് കടന്നപ്പോഴേക്കും കുടുംബ സ്വത്തെല്ലാം നശിച്ചിരിക്കുന്നു.  ഗത്യന്തരമില്ലാതെ ബാപ്പയും ഉമ്മയും മക്കളും നാടുവിട്ട് മറ്റൊരു ദിക്കിൽ താമസമാക്കി.  അക്കാലത്തും ആനയുണ്ടായിരുന്ന പിതൃ ഗൃഹത്തിന്റെ പദവിയോർത്ത് കുഞ്ഞുപ്പാത്തുവിന്റെ ഉമ്മ നുണഞ്ഞിറക്കിക്കൊണ്ടിരുന്നു.  ഇവരുടെ അയൽക്കാരനായിരുന്നു  നിസാർ അഹമ്മദ്. ഒരു കാളവണ്ടിക്കാരന്റെ മകനാണ് ഇദ്ദേഹം.  ദരിദ്രനായിരുന്നെങ്കിലും കാലഗതിയനുസരിച്ച് അദ്ദേഹം പുത്രന് വിദ്യാഭ്യാസം നൽകി.  എം. എ. ക്കാരനാക്കി.  കുഞ്ഞിപ്പാത്തുവും നിസാറും തമ്മിൽ പരിചയപ്പെടുകയും പ്രണയിക്കുകയും ഒടുവിൽ ദമ്പതിമാരായി തീരുകയും ചെയ്യുന്നതാണ് ഇതിവൃത്തം.  തലമുറകളുടെ മാറ്റം, മതത്തിന്റെ പേരിലുള്ള അന്ധ വിശ്വാസങ്ങൾ,  വിദ്യാഭ്യാസമില്ലായ്മ കൊണ്ടുണ്ടാവുന്ന വിവരക്കേട്  എന്നിവ വിവരിക്കുന്ന ഈ നോവൽ  മുസ്‌ലിം സമുദായം പുരോഗമനപരമായി  മുന്നേറണ്ടതിന്റെ ആവശ്യകത ഫലിതവും പരിഹാസവും നിറഞ്ഞ സംഭാഷണങ്ങളിൽക്കൂടി  ബഷീർ ഇതിൽ അവതരിപ്പിച്ചിട്ടുണ്ട്.  സ്വന്തം കുടുംബത്തിന്റെ കഥയാണ് പാത്തുമ്മയുടെ ആട്. 

 എല്ലാം ചെറിയ നോവലുകളാണ്.  മൗലികതയും, നർമ്മത്തിന്റെ വെട്ടിത്തിളക്കവുമാണ് ബഷീർ കൃതികളുടെ മുഖമുദ്രകൾ. തിക്തമായ ജീവിതാനുഭവങ്ങളാണ് മൊത്തത്തിൽ ബഷീറിന്റെ ജീവിതം തന്നെ. പക്ഷെ,  ഈ അനുഭവങ്ങളെ കലാത്മകമായി പുനഃസൃഷ്ടിച്ഛ് മലയാളത്തിന് ഈടുറപ്പുള്ള കൃതികൾ അദ്ദേഹം സമ്മാനിച്ചു.  ജീവിതത്തെ അതിന്റെ തനിമയിൽ പച്ചയായി അദ്ദേഹം ചിത്രീകരിച്ചിരുന്നു. ഇതിഹാസമുഖമുള്ളവയാണ് അദ്ദേഹത്തിന്റെ മിക്ക കഥാപാത്രങ്ങളും. ബഷീർ സാഹിത്യം മലയാളത്തിൽ ഉദാത്ത ശോഭയുടെ ഒറ്റപ്പെട്ടു നിൽക്കുന്ന സാഹിത്യ പ്രപഞ്ചമാണ്.  

ബഷീർ തന്റെ കഥാപാത്രം സൃഷ്ടിച്ചത് സാധാരണ ജനങ്ങളുടെ ഭാഷയിലാണ്. ദുരൂഹമായ ഭാഷയോ അപ്രാപ്യമായ ആശയങ്ങളോ അദ്ദേഹത്തിന്റെ കൃതികളിൽ കാണില്ല.  തന്റെയും തൻ ഇടപഴകിയ മനുഷ്യരുടെ സാധാരണ ജീവിതാവസ്ഥകളെയും, വിചാര വീക്ഷണങ്ങളെയും സാധാരണമായ ഭാഷയിൽ അത്യന്തം സൂക്ഷ്മതയോടെ അദ്ദേഹം അവതരിപ്പിച്ചു.  എന്നാൽ ബഷീറിന്റെ ഈ സാധാരണമായ ഭാഷക്ക് അസാധാരണമായ അർത്ഥ സൗന്ദര്യമാണ് ഉള്ളത്. 
 
നിരവധി ബഹുമതികൾ ലഭിച്ച കഥാകാരൻ 

 കേരളം സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് 1981-ൽ നൽകി ബഷീറിനെ ആദരിച്ചു.  പത്മശ്രീ 1982-ൽ ലഭിച്ചു.  അനുരാഗത്തിന്റെ ദിനങ്ങൾ എന്ന കൃതി 1983 -ലും ഭാർഗ്ഗവി നിലയം എന്ന തിരക്കഥ 1985ലും പുറത്തിറക്കി.  കോഴിക്കോട് സർവ്വകലാശാല 1987 ജനുവരി 19നു ഡിലിറ്റ് നൽകി അദ്ദേഹത്തെ ആദരിച്ചു.  ഡി. ലിറ്റ് എറ്റു വാങ്ങിക്കൊണ്ട് അദ്ദേഹം ചെയ്ത പ്രസംഗം 1992ൽ ചെവിയോർക്കുക അന്തിമകാഹളം എന്ന പേരിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്‌. ബഷീറിന്റെ ജീവിതത്തിന്റെയും സാഹിത്യത്തെയും ഏറെ സ്വാധീനിച്ച വ്യക്തിയായിരുന്നു നിരൂപകനായ എം.പി. പോൾ.  

സുദീർഘമായ ജീവിതത്തിന്റെയും സമ്പന്നമായ അനുഭവത്തിന്റെയും ഉടമയായിരുന്നു വൈക്കം മുഹമ്മദ് ബഷീർ.  മറ്റൊരു എഴുത്തുകാരനും സാധിക്കാത്ത വിധം മൂല്യവത്തായ സാഹിത്യസമ്പത്താണ് ബഷീർ മലയാളത്തിന് നൽകിയത്.  അതുകൊണ്ടാണ് അദ്ദേഹത്തിന് സംസ്‌കാര ദീപം,  ലളിതാംബിക അന്തർജ്ജനം സ്‌മാരക സമ്മാനം, പ്രേംനസീർ  സ്‌മാരക  പുരസ്‌കാരം, വള്ളത്തോൾ പുരസ്‌കാരം,  ജിദ്ദ അരങ്ങ്  അവാർഡ് തുടങ്ങിയ ഒട്ടേറെ ബഹുമതികൾ ലഭിച്ചത്.  

ഇങ്ങനെ മലയാള സാഹിത്യത്തിന് മികച്ച സംഭാവനകൾ നൽകി ബേപ്പൂർ സുൽത്താൻ എന്ന് വിശേഷിക്കപ്പെട്ട വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതത്തിന് 1994 ജൂലൈ അഞ്ചിന് തിരശീല വീണു.


തയ്യാറാക്കിയത് - സുരേഷ് അന്നമനട

Leave A Comment