വാല്‍ക്കണ്ണാടി

മലയാളത്തിന് കാലം സമ്മാനിച്ച മഹാസുകൃതം 'എംടി വാസുദേവൻ നായർ'

വാൽക്കണ്ണാടി

ലയാളത്തിലെ വായനയുടെയും എഴുത്തിന്റെയും ദീപസ്തംഭമായിരുന്നു എംടി വാസുദേവൻ നായർ. അവിടെ നിന്നുള്ള വെളിച്ചമാണ് മുക്കാൽ നൂറ്റാണ്ട് നമ്മുടെ ഭാഷയുടെ സർഗ സഞ്ചാരങ്ങൾ വഴി നടത്തിയത്. ദീപമണഞ്ഞെങ്കിലും പ്രകാശം ബാക്കി നിൽക്കുന്ന അത്ഭുതമാണ് ഈ വലിയ എഴുത്തുകാരൻ അവശേഷിപ്പിച്ചത്.  

 ജന മനസുകളിൽ അനശ്വരനായ എം.ടി
എംടി വാസുദേവൻ നായർ മലയാള സാഹിത്യത്തിനു നൽകിയ സംഭാവനകൾ കാലം രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു.  പത്രാധിപർ, ചലച്ചിത്രകാരൻ, നാടകകൃത്ത്, പംക്തീകാരൻ സാഹിത്യസംഘാടകൻ, ഗ്രന്ഥകാരൻ,  പ്രഭാഷകൻ എന്നിങ്ങനെ വിവിധ വൈശിഷ്ട്യങ്ങളുടെയും വിശേഷണങ്ങളുടെയും വ്യക്തിപ്രഭാവമായിരുന്നു. കർക്കടകത്തിലെ ഉത്രട്ടാതിയാണ് എംടിയുടെ ജന്മ നക്ഷത്രം. കാർമേഘങ്ങൾക്കു മേലെ കത്തി ജ്വലിക്കുന്ന സൂര്യനായി അദ്ദേഹം മാറി. സപ്താശ്വങ്ങളുടെ   തേരിലെ ആ ജൈത്രയാത്രയ്ക്ക് ഹേതുവായ ആദിത്വമന്ത്രം ഹൃദയം കൊണ്ട് ഉരുക്കഴിച്ച അക്ഷരങ്ങൾ മാത്രമായിരുന്നു. 

അനുഭവങ്ങളുടെ ചുഴിയും മലരികളും ഒരു പുഴ ഉർവരമാക്കിയ തന്റെ ചെറിയ നിലത്താണ് അദ്ദേഹം ഉഴുതു വിതച്ചത്. ആ നിലം ജീവ പ്രപഞ്ചത്തിന്റെ പരിഛേദമായിരുന്നു.  ലോകത്തെവിടെയുമുള്ള മനുഷ്യർ  പേറുന്ന വ്യഥകളും സംഘർഷങ്ങളും വൈകാരികതയും അവിടെ ചാലുകീറി കിടന്നു.  ആത്മ നിഷ്ഠമെങ്കിലും സാർവലൗകികമായ സ്വഭാവം അതിനുണ്ടായിരുന്നു.

അറിയാതെ അത്‍ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാ സമുദ്രങ്ങളേക്കാൾ കണ്മുന്നിൽ കാണുന്ന നിളയെ നമുക്ക് പ്രിയതരമാക്കി ആ പ്രയാണമവസാനിപ്പിച്ചു. മരണം പിറവി പോലെ തന്നെ ജീവിതത്തിലെ പ്രധാന ചടങ്ങാണ്, ആഘോഷമാണ് എന്ന് എംടി പറഞ്ഞിരുന്നു.  മലയാളത്തിന് കാലം സമ്മാനിച്ച മഹാസുകൃതമായിരുന്നു എം.ടി വാസുദേവൻ നായർ. എഴുത്തിന്റെ പെരുന്തച്ഛൻ കൊത്തിയ അക്ഷര ശില്പങ്ങൾക്കൊപ്പം എം.ടി എന്ന രണ്ടക്ഷരം ജന മനസുകളിൽ അനശ്വരമായി നില കൊള്ളുന്നു.  ഏകാകികളും നിസ്സഹായരാവരുമായ മനുഷ്യരുടെ കഥകൾ പറഞ്ഞ മലയാളിയുടെ എക്കാലത്തേയും പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു എം.ടി.

എഴുത്തിന്റെ ചക്രവർത്തി

പാലക്കാട് കൂടല്ലൂരിൽ 1933 ലാണ് എംടി വാസുദേവൻ നായരുടെ ജനനം. പുന്നയൂർക്കുളം ടി. നാരായണൻ നായരും, തെക്കേപ്പാട്ട് അമ്മാളു അമ്മയുമാണ് മാതാപിതാക്കൾ.  ദാരിദ്ര്യത്തിന്റെ കയ്പ്റിഞ്ഞ കുട്ടിക്കാലത്തു തന്നെ എഴുത്ത് ആരംഭിച്ചു.  കുമാരനല്ലൂർ ഹൈക്സൂളിൽ നിന്നും എം.ടി വാസുദേവൻ നായർ പത്താം ക്ലാസ് പാസ്സായി. പ്രാചീന ഭാരതത്തിലെ വൈര വ്യവസായം എന്ന പേരിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായിരിക്കെ 1942-ൽ എഴുതിയ ലേഖനം ഗുരുവായൂരിൽ നിന്നുള്ള കേരള ക്ഷേമം ദ്വൈവാരികയിൽ അച്ചടിച്ചു വന്നു.  അതാണ് പ്രസിദ്ധീകരിച്ച ആദ്യ രചന.  

മദിരാശിയിൽ നിന്നുള്ള ചിത്രകേരളത്തിൽ  വന്ന വിഷു ആഘോഷമാണ് പ്രസിദ്ധീകൃതമായ ആദ്യ കഥ. എം.ടി.യുടെ ആദ്യ കഥാ സമാഹാരമായ രക്തം പുരണ്ട മൺതരികൾ 1952-ൽ പ്രസിദ്ധീകരിച്ചു. എം.ടി 1953-ൽ പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നും ബി.എസ്. സി. കെമിസ്ട്രി പാസ്സായി. ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂഷൻ സംഘടിപ്പിച്ച ലോക ചെറുകഥാമത്സരത്തിന്റെ ഭാഗമായി 1964-ൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ വളർത്തു മൃഗങ്ങൾ എന്ന ചെറുകഥ ഒന്നാം സ്ഥാനം നേടുന്നതോടെയാണ് എം.ടി. സാഹിത്യ രംഗത്ത് ശ്രദ്ധേയനാകുന്നത്. 

പിന്നെ രചനകളിലൂടെ എം.ടി എന്ന രണ്ടക്ഷരം പതിഞ്ഞത് മലയാളിയുടെ മനസ്സിൽ തന്നെയായിരുന്നു.  മലയാള കഥക്ക് കാല്പനികയുഗം സമ്മാനിച്ച കാലാതീതനായ വ്യകതിയായിരുന്നു എം.ടി വാസുദേവൻ നായർ.  നോവൽ സാഹിത്യത്തിനും സിനിമക്കും നിളാനദിയുടെ കുളിർമയും നിത്യ ജീവിതത്തിന്റെ വൈവിധ്യകാന്തിയും പകർന്ന പ്രതിഭാധനനായിരുന്നു എം.ടി.  അദ്ദേഹം ജീവിതത്തിന്റെ സൗന്ദര്യ ഭാവങ്ങൾക്കൊപ്പം പരുക്കൻ യാഥാർഥ്യങ്ങളും ആവിഷ്ക്കരിച്ചു. 

മലയാളത്തിന്റെ സൗന്ദര്യവും സുകൃതവും സാഫല്യവുമായിരുന്ന എഴുത്തിന്റെ ചക്രവർത്തിയായിരുന്നു എംടി. കാലത്തിനു മുന്നിൽ ആത്മവിശ്വാസത്തോടെ എഴുത്തു മേശയിട്ടൊരാളായിരുന്നു അദ്ദേഹം. അതെ ആത്മവിശ്വാസത്തോടെ കാലത്തിലേക്ക് മടങ്ങുകയായിരുന്നു എംടി. നമ്മുടെ ഭാഷയിലെ വിശേഷണ പദങ്ങളെയെല്ലാം സ്വജീവിതത്തിൻ്റെ നിറവു കൊണ്ട് ചെറുതാക്കിയാണ് എം.ടി വാസുദേവൻ നായർ വിടപറഞ്ഞത്. 

പേനകൊണ്ട് വിജയങ്ങൾ സാധിച്ചെടുത്ത എഴുത്തുകാരൻ 

രാജപാതകളിലൂടെ സഞ്ചരിച്ചപ്പോഴും ഭൂമിയുടെ ചർമ്മത്തിലും ഞരമ്പുകളിലും നോക്കികൊണ്ടാണ് താൻ നടന്നിരുന്നതെന്ന് പറഞ്ഞിട്ടുണ്ട്. പേനകൊണ്ട് ഇത്രയധികം വിജയങ്ങൾ സാധിച്ചെടുത്ത് മറ്റൊരു എഴുത്തുകാരനെ മലയാളി കണ്ടിട്ടില്ല.  അദ്ദേഹം എഴുത്തിന്റെ സൗന്ദര്യ തലത്തിനു തന്നെ പുതിയൊരു അളവുകോൽ നിർണയിച്ചു. എഴുത്തു ഭാഷയെ കല്പന സുന്ദരമായി മാറ്റിയെഴുതി.  മലയാള കഥകളുടെ സർഗ്ഗ ധന്യമായ പുതു വാഴ്‌വിനു കാരണക്കാരനുമായി ഗൃഹാതുരത എന്ന സങ്കൽപത്തെ തന്നെ സ്വീകരിക്കുകയും ചെയ്തു.  

ആഴമുള്ള കഥാപാത്രങ്ങളാണ് ആ തൂലികയിൽ നിന്ന് പിറന്നത്. കഥ തീർന്നാലും തീരാത്തവരാണവർ. തിരക്കഥയെ വായിക്കാനാവുന്ന സിനിമയാക്കി ആദ്യം മലയാളിക്കു പരിചയപ്പെടുത്തിയത് എം.ടി.യാണ്.  അദ്ദേഹത്തിന്റെ നോവലുകളിലും ചെറുകഥകളും സിനിമയിലുമായി മലയാളിയുടെ ഹൃദയത്തിലേക്ക് കടന്നുവന്ന എത്രയെത്ര കഥാപാത്രങ്ങൾ. 

നോവലുകളിൽ ആദ്യമെഴുതിയ നാലുകെട്ട് മുതൽ ഒടുവിലെഴുതിയ വരണാസി വരെ മനസ്സിന്റെ രാവണൻ കോട്ടയിലൂടെയുള്ള സർഗ്ഗ സഞ്ചാരങ്ങളാണ്. വ്യാസ മൗനത്തിനു ഭാഷ്യം കൊടുത്ത രണ്ടാമൂഴവും കാത്തിരിപ്പിന്റെ മഞ്ഞും ഏതുകാലത്തും മലയാളത്തിന്റെ യശസ്സുയർത്തിപ്പിടിക്കും. കാലം ചേർത്ത് വച്ച ചരിത്രനിയോഗം പൂർത്തിയാക്കിയാണ് എം.ടി മരണമടഞ്ഞത്. 

ഇടപെട്ട സർഗാത്മക മേഖലകളിലെല്ലാം സുവർണ സ്പർശങ്ങളാൽ ചരിത്രം തീർക്കുകയാണ് പ്രതിഭയുടെ പൂർണത എന്നു പറയാറുണ്ട്. എഴുത്തിലും ചിന്തയിലും ആ പ്രതിഭാ വിലാസം വേണ്ടുവോളം മലയാളത്തിന് സമ്മാനിച്ച് എം.ടി മടങ്ങിയപ്പോൾ അതൊരു കാലത്തിന്റെ തിരശീല കൂടിയാണ് തഴ്ന്നു പോയത്. എം.ടി. എന്ന രണ്ടക്ഷരത്തിന് നിളപോലെ ആഴപ്പരപ്പുള്ളതായിരുന്നു. സാന്ദ്രവും സങ്കീർണ്ണവും ചില വേളകളിലെങ്കിലും നിഗൂഢമെന്ന് തോന്നിപ്പിച്ചതുമായ ആ നദിയൊഴുക്ക് നിലയ്ക്കുമ്പോൾ അത് മലയാളത്തിന്റെ സമാനതകളില്ലാത്ത നഷ്ടമായി മാറുന്നു.  പ്രപഞ്ച വിജ്ഞാനത്തിലെ സ്ഥലകാല സങ്കല്പം പോലെയാണ് എം.ടിയുടെ സർഗ്പ്രപഞ്ചത്തിലെ സ്ഥലവും കാലവുമെന്ന് പല നിരൂപകരും കുറിച്ചിട്ടുണ്ട്. 

ഭാഷാതിരുകൾ ഭേദിച്ച കാഥികനും ചലച്ചിത്രകാരനും 

എം.ടി.യുടെ സാഹിത്യത്തെ ഏതു നിലയിൽ സമീപിച്ചാലും അതിലെ കഥാപാത്രങ്ങളെ ഏതുവിധേന അപനിർമിച്ചാലും  ആത്യന്തികമായി അതിലെ നായകർ കേവലം കഥാപാത്രങ്ങൾ ആയിരുന്നില്ല. കാലം അനിവാര്യമാക്കുന്ന മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ദേശങ്ങളും  കഥാപാത്രങ്ങളുമായിരുന്നു ആ രചനാ ലോകത്തിന്റെ സവിശേഷത.  എം.ടി സംസാരിച്ചതു മുഴുവൻ ലോക സാഹിത്യത്തെക്കുറിച്ചായിരുന്നു.  ലോക സാഹിത്യത്തിലെ എഴുത്താഘോഷങ്ങളെ ഇത്ര മേൽ ആസ്വദിച്ച വേറൊരു മലയാളിയും ഉണ്ടാകാനും ഇടയില്ല. അപ്പോഴും സ്വന്തമായി രൂപപ്പെടുത്തിയ സ്ഥല കാലയുക്തിക്കുള്ളിലാണ് അദ്ദേഹം അക്ഷരങ്ങളെ വിധാനിച്ചത്.

 ജീവിതത്തോടും അനുഭവങ്ങളോടും ചേർന്നൊഴുകിയ നിളയുടെ ഓളപ്പരപ്പിലേക്കും ആഴങ്ങളിലേക്കും സ്വന്തം എഴുത്തിനെ ചേർത്തുവച്ചു. സമുദ്രത്തെ പുഴയിലേക്ക് തിരിച്ചെടുക്കുന്ന എഴുത്തുവിദ്യ പരീക്ഷിച്ചപ്പോഴാണ് എം.ടി ഭാഷാതിരുകൾ ഭേദിച്ച കാഥികനും ചലച്ചിത്രകാരനുമൊക്കെയായത്.

രചനയിലെ ഈ മൗലികതക്കൊപ്പം അസാമാന്യമായ ഭാഷകൂടി കടന്നുവരുന്നത്തോടെ എം.ടി. സമ്പൂർണനായൊരു എഴുത്തുകാരനായി തീർന്നു.  കവിതയെന്നു തോന്നിക്കുന്ന കടഞ്ഞെടുത്ത ഭാഷയുടെ ആഖ്യാനചാരുതയിൽ പിന്നെ രചനാ ലോകത്തിന് നിളയുടെ തന്നെ സൗന്ദര്യമായിരുന്നു. നിളയുടെ ഓളം തീർത്ത എഴുത്തു വിദ്യ തിരക്കഥയിലേക്കു കൂടി പടർന്നൊഴുകിയപ്പോഴുമാണ് മലയാളത്തിലും നവതരംഗം സാധ്യമായത്.  

മലയാള സാഹിത്യത്തിൽ എം.ടിയുടെ ഒരു യുഗപ്പിറവി സംഭവിക്കുമ്പോൾ തന്നെയാണ് 59 വർഷം മുൻപ് മുറപ്പെണ്ണിലൂടെ മറ്റൊരു ചരിത്രത്തിനു തുടക്കം കുറിക്കുന്നത്. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എണ്ണം പറഞ്ഞ അൻപതിലധികം ചിത്രങ്ങൾ എം.ടിയുടെ തൂലികയിലൂടെ 1980-90 കാലത്ത് 25 സിനിമകളാണ് മലയാളത്തിൽ  പിറവിയെടുത്തത്. ചെറുകഥയിലും നോവലിലെന്നപോലെ ചലച്ചിത്രത്തിലും മലയാളത്തിന്റെ അടയാള വാക്യമായി എം.ടി മാറിയ കാലമായിരുന്നു അത്. 

മലയാള ചലച്ചിത്രഭാവുകത്വം മാറി മറിഞ്ഞ കാലവും അതായിരുന്നു. അങ്ങനെയൊരു സുവർണ കാലത്തിനു കാർമികത്വം വഹിക്കുമ്പോഴും പിന്നീട് സർഗ ലോകത്തു നിന്ന് പുതു തലമുറക്ക് വഴി മാറികൊടുത്തപ്പോഴെല്ലാം വളരെ കുറച്ചു മാത്രം സംസാരിക്കനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്.  കേവലമായ മിത ഭാഷണത്തിനപ്പുറം മൗനത്തിന്റെ ആവരണം തീർത്ത് അതിന്റെ നിഗൂഢതകളിൽ ലോകത്തോട് സംവദിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. എം.ടി ഒരു സൃഷ്ടാവായിരുന്നു.  

വായനയുടെ മഹാസാമ്രജ്യത്തിലെ ചക്രവർത്തി

കേരളത്തിന്റെ സംസ്‌കാരികതക്ക് അക്ഷര വെളിച്ചത്തിലൂടെ പുതിയ ഭാവുകത്വമേകിയ കർമ്മയോഗിയായിരുന്നു എം.ടി.  തന്റെ ഭാഷ താൻ തന്നെയെന്ന ദർശനം ഓരോ മലയാളിയുടെ മനസ്സിലും പതിപ്പിച്ച മഹാ ഗുരുവായിരുന്നു. വാക്കുകളിലൂടെയും ഇടപെടലുകളിലൂടെയും സാഹിത്യ മേഖലയെ മാത്രമല്ല മലയാളിയുടെ സാമൂഹിക ജീവിതത്തെ ആകെയും അദ്ദേഹം ആഴത്തിൽ സ്പർശിച്ചു. മുത്തങ്ങവെടിവെപ്പിനെതിരെയും നോട്ടു നിരോധനത്തിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചത് ആർക്കും മറക്കാനാവില്ല. 

കോഴിക്കോട് ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ എം.ടിയുടെ പ്രസംഗം അധികാരം ജന്മാവകാശമായി കരുതുന്ന എല്ലാവർക്കും എല്ലാകാലത്തേക്കുമുള്ള താക്കീതാണ്.  ലോക സാഹിത്യത്തിൽ മലയാളത്തെ അടയാളപ്പെടുത്തുന്നതിൽ എം.ടിയുടെ ഗൃഹാതുരത്വമുണർത്തുന്ന രചനകൾ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.  ചലച്ചിത്രകാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞ ചിത്രങ്ങൾ കാലാനുവർത്തിയായി ഇന്നും ആഘോഷിക്കപ്പെടുന്നു. കണ്ടും കേട്ടും തനിക്ക് പരിചിതമായ ദേശവും ജനങ്ങളും തന്നെയായിരുന്നു സാഹിത്യത്തിലും സിനിമയിലും എം.ടിയുടെ കഥാപാത്രങ്ങളായി പുനർജനിച്ചത്. 

 കഥകളിൽ ആത്മാംശം നിറഞ്ഞു തുളുമ്പുമ്പോഴും വിഷയത്തിന്റെ തീവ്രതയും അവതരണത്തിലെ ലാളിത്യവും അനുവാചക ലക്ഷങ്ങളെ സൃഷ്ടിച്ചു കൊണ്ടിരുന്നു.  ജ്ഞാനപീഠം ഉൾപ്പെടയുള്ള പുരസ്‌കാരങ്ങളും അദ്ദേഹത്തിലൂടെ മലയാളത്തിനു ശോഭയായി.  പത്രാധിപരെന്ന നിലയിൽ എത്രയോ പ്രതിഭകൾക്ക് അദ്ദേഹം വഴികാട്ടിയായി.  നാടിന്റെ വെളിച്ചമായിരുന്നു അദ്ദേഹം.  അസാന്നിധ്യത്തിലും വെളിച്ചമേകാൻ എം.ടിക്ക് കഴിഞ്ഞു. കാരണം ഒരിക്കലും കെടാത്ത അക്ഷര ദീപങ്ങൾ കൊളുത്തി വച്ചിട്ടാണ് കഥകളുടെ രാജശില്പി മടങ്ങിയത്. എം.ടി ഒരു കാലമായിരുന്നു.  സമയക്രമം ഒരിക്കലും ബധകമല്ലാത്ത കാലം.  

തലമുറകൾ വായിച്ച എം.ടിയുടെ രചനകൾ മലയാളം ഉള്ള കാലങ്ങളോളം നില നിൽക്കും.  വായനയുടെ മഹാസാമ്രജ്യത്തിലെ ചക്രവർത്തിയായി കാലങ്ങളോളം എം.ടി തുടരും. എം.ടിയുടെ പേരിലുമുണ്ട് ഒരു ദേവാംശം. അല്പം നീണ്ട പേര് എം.ടിയെന്ന രണ്ടക്ഷരത്തിലേക്ക് ചുരുങ്ങിയപ്പോഴും അത് ശ്രേഷ്ഠഭാഷയായ മലയാളത്തിന്റെ മേൽവിലാസം തന്നെയായി. ഏകാന്തത  ഭജിക്കാനും ഭുജിക്കാനും  ഇഷ്ടപ്പെട്ട മനസ്സായിരുന്നു എം.ടിയുടേത്.  അതൊരു  ശീലമോ സർഗ്ഗപ്രക്രിയയുടെ ഭാഗമായുള്ള പരിശീലനമോ ആകാം.  എന്നാൽ നിശ്ശബ്ദനായിരിക്കുമ്പോഴും ആ മനസ്സ് കണ്ണുകൾ മറച്ച കുതിരയെപ്പോലെ പാഞ്ഞുകൊണ്ടിരുന്നു.

ആ അശ്വവേഗം ആത്മാനുരാഗത്തിന്റെ സൗരഭ്യമുള്ള എണ്ണമറ്റ കഥകൾ സൃഷ്ടിച്ചു.  അതിനൊപ്പം സാമൂഹ്യ വിമർശനപരമായ രചനകൾ നമുക്ക് സമ്മാനിച്ചു. ഒരർത്ഥത്തിൽ എം.ടിയുടെ സർഗ്ഗപരമായ അശ്വമേധം മലയാള സാഹിത്യത്തിൻറെ വിസ്തൃതി ഗണ്യമായി വർദ്ധിപ്പിച്ചു. 

 മൗനം കൊണ്ട് വായനക്കാരോട് സംവദിച്ച കഥാപാത്രങ്ങൾ

നിളയുടെ നഖക്ഷതങ്ങളേറ്റു കിടക്കുന്ന കൂടല്ലൂർ എന്ന ജന്മ ഗ്രാമത്തിന്റെ സമരസങ്ങളും വ്യത്യസ്തരായ കഥാപാത്രങ്ങളും എം.ടി തന്റെ വിവിധ കഥാപത്രങ്ങളിലേക്ക് ആവാഹിച്ചു.  സമതലങ്ങൾ കടന്ന് രചന ഹിമാലയത്തിൽ എത്തിയപ്പോഴും നിളയെയും കൂടല്ലൂരിനേയും അദ്ദേഹം കൈവിട്ടില്ല. അസുരവിത്തിലെ ഗോവിന്ദൻകുട്ടിയും നാലുകെട്ടിലെ അപ്പുണ്ണിയും കാലത്തിലെ സേതുവും മഞ്ഞിലെ വിമലയും എന്നും ഒപ്പം ഉണ്ടായിരുന്നു.  മഞ്ഞും മൗനവും എം.ടിക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു. ഒഴുക്കറ്റ ജലമാണ് മഞ്ഞ്. അതുപോലെ തന്നെ ഘനീഭവിച്ച വാക്കുകളാണ് മൗനം. രണ്ടും ഉരുകാൻ തുടങ്ങിയാൽ ചലനാത്മകമാകും. 

എം.ടിയുടെ കൃതികളിലെ അനവധി കഥാപാത്രങ്ങൾ വാക്കുകളേക്കാൾ മൗനം കൊണ്ടാണ് വായനക്കാരോട് സംവദിച്ചത്.  മൗനത്തിൻ്റെ മറ്റു പുറങ്ങൾ നിറയെ കാവ്യധ്വാനിയുള്ള വാക്കുകൾ നിറഞ്ഞൊഴുകി. മഞ്ഞും മൗനവും തടാകവും കാത്തിരിപ്പുമാണ് മഞ്ഞിലെ പേരില്ലാത്ത കഥാപാത്രങ്ങൾ. താൻ ജീവിച്ച കാലത്തേയും ഇടപഴകിയ കഥാപാത്രങ്ങളെയും പൂർണേതിഹാസങ്ങങ്ങളുടെ പട്ടുനൂലിൽ ബന്ധിപ്പിക്കാനും എം.ടിക്ക് കഴിഞ്ഞു.  

രണ്ടാമൂഴം, വാരണാസി, വാനപ്രസ്ഥം എന്നിവ ആ ബന്ധനത്തിൻ്റെ ശക്തിയും സൗന്ദര്യവും അനുഭവിപ്പിക്കുന്നു. രണ്ടാമൂഴത്തിൽ നാം കണ്ടുമുട്ടുന്ന ചിരപരിചിതരായ പല കഥാപത്രങ്ങളും മഹാഭാരതത്തിന്റെ നിരർത്ഥകതയും നിസ്സഹായതയും കണ്ട് മരവിച്ച മനസ്സോടെ ജീവിതന്ത്യത്തിലേക്ക് പാണ്ഡവരും ദ്രൗപതിയും മഹാപ്രസ്ഥാനത്തിൻ്റെ ഒരുങ്ങുന്ന സന്ദർഭത്തിൽ തുടങ്ങുന്ന രണ്ടാം മൂഴം ഏതൊരു  മനുഷ്യന്റെയും ജീവിതപര്യനോനുഭവമായി മാറുന്നു. 

മലയാളത്തെ എം.ടി ആഴത്തിൽ വായിച്ച പോലെ ലോക സാഹിത്യത്തേയും വായിച്ചു.  അതിൽ നിന്നും കിട്ടിയ വിജ്ഞാന കിരണങ്ങൾ തൻ്റെ തിരക്കഥയിലും രചനകളിലും സാന്ദർഭികമായി അദ്ദേഹം ഉപയോഗിച്ചു.  വിഖ്യാതരായ പല എഴുത്തുകാരേയും പരിചയപ്പെടുത്തി.  ഹെമിങ്‌വേ  ഒരു മുഖവുര 1964ൽ പുറത്തിറങ്ങി.  നാലുകെട്ടിനകത്തായാലും പുറം ലോകത്തായാലും തൻ്റെ കഥാപാത്രങ്ങൾ സഭ്യതയോടെ ലക്ഷ്മണരേഖ കടക്കാതിരിക്കാൻ എം.ടി എന്നും ശ്രദ്ധിച്ചിരുന്നു.  നാലുകെട്ടിനുള്ളിലെ ജീവിത കഥകളാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.  വാനപ്രസ്ഥത്തിൽ വിനോദിനിയും കുരുക്കൻ മാഷും ഒരേ മുറിയിൽ അടുത്തടുത്ത് കിടക്കുന്നു. 

ആ മനപ്പൊരുത്തത്തിലും ശയനത്തിലും അവർ വാചാലരാകുന്നില്ല. മൗനത്തിന് ഇവിടെ ഏഴഴകും ഏഴു വൻ കരകളുണ്ടെന്നു തോന്നിപ്പോകും.  സാമൂഹ്യ വിമർശനപരമായി ഇതിവൃത്തങ്ങൾ സ്വീകരിച്ചപ്പോഴും എം.ടി വെന്നിക്കൊടി പാറിച്ചു. പരിണയത്തിലെ ഉണ്ണിമായ സ്മാർത്ത വിചാരം എന്ന അനാചാരത്തിനെതിരെ പ്രതിഷേധിക്കുന്നത് വാക്കുകൾ കൊണ്ടല്ല.  സ്വന്തം ജീവിതം കൊണ്ട് തന്നെയാണ്.  

മതവൈരം എന്ന തീവ്ര സാംക്രമിക രോഗത്തിന്റെ ഭീഷണി അസുരവിത്തിൽ അദ്ദേഹം വരച്ചുകാട്ടിയിരുന്നു.  വർത്തമാനകാലത്തിലും ആ ഭീഷണി മാരകമായി നിലനിൽക്കുന്നു. ഏതു തിരക്കിനിടയിലും മനുഷ്യന്റെ മനസ്സ് പ്രവാസിയുടെ ഏകാന്തതയോടെയും  ഗൃഹാതുരത്വത്തിന്റെ പവിഴപ്പാടങ്ങളെയും തൊട്ടുഴിയും. ഏതു പ്രായത്തിലും ഈ അവസ്ഥയുണ്ടാകും. എം.ടിയുടെ നിരവധി കഥാപാത്രങ്ങൾ ഈ അവസ്ഥാന്തരങ്ങളിലൂടെ സഞ്ചരിക്കുന്നവരാണ്. 

അക്ഷരങ്ങളുടെ വിജയനക്ഷത്രങ്ങൾക്കൊപ്പം

കൂട്ടുകുടുംബ വ്യവസ്ഥയുടെ തകർച്ച കണ്ടു വളർന്ന എം.ടിയുടെ ബാല്യ കൗമാരങ്ങൾ പിൽക്കാല രചനകൾക്ക് അടിവളമാകും. വ്യത്യസ്ത ഭൂപ്രകൃതിയിൽ പിന്നെ കഥാപാത്രങ്ങളുടെയും ആന്തരിക തലം വളക്കൂറാർന്ന സ്‌മരണകളാണ്. തിരക്കഥകളിലും കൃത്യമായ അളവിലുള്ള ഈ വളപ്രയോഗം നടത്തി.  നൂറു മേനി കൊയ്യാനും എം.ടിക്ക് കഴിഞ്ഞു. എഴുത്തിൽ എക്കാലവും കൗമാര കൗതുകവും യൗവ്വനാവേശവും പുലർത്താൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. 

പ്രായത്തിലല്ല ചിന്തകളിലാണ് യൗവനമെന്ന വിശ്വാസക്കാരനായിരുന്നു അദ്ദേഹം.  നൂതന ഭാവുകത്വങ്ങളിലൂടെ വായനക്കാരിൽ സ്വർഗം തുറക്കുന്ന സമയം കാട്ടിത്തന്നു. അക്ഷരങ്ങളുടെ വിജയ നക്ഷത്രങ്ങൾക്കൊപ്പം സഞ്ചരിച്ച ഈ ഏകാകി മടങ്ങിയത് നക്ഷത്രങ്ങൾ പൂത്തിറങ്ങുന്ന ഓർമ്മകളുടെ മുന്തിരിപ്പാടങ്ങളെ അവശേഷിപ്പിച്ചാണ്.  എം.ടിയുടെ പെരുന്തച്ചൻ പറയുന്നൊരു വാക്യമുണ്ട്.  കല്ലിൽ ആദ്യം സപ്‌തസ്വരം കേൾപ്പിച്ചവൻ പെരുന്തച്ഛൻ.  തലമുറകൾ കഴിഞ്ഞാൽ ചെയ്തത് പലതും മറക്കും. പക്ഷേ അത് മറക്കില്ല.  തലമുറകൾക്ക് അതുമതി നെഞ്ചോടു ചേർത്തുവെക്കാൻ  എത്ര മഹനീയ ശില്പങ്ങൾ സമ്മാനിച്ചാണ് അക്ഷര സാമ്രാജ്യത്തിലെ ഈ രാജശില്പി മടങ്ങിയത്. ആ അനശ്വര ശില്പങ്ങൾക്കും ശിൽപ്പിക്കും മലയാളം എന്നെന്നും പ്രണാമമർപ്പിക്കുന്നു.  

അക്ഷരങ്ങളുടെ നാനാവിധമായ സ്വപ്നങ്ങളെ സാക്ഷാൽക്കരിച്ചു കൊണ്ട് എം.ടി നിത്യതയിലേക്ക് മടങ്ങി.  കേരളത്തിലെ പശിമ നിറഞ്ഞ മണ്ണിൽ വിതക്കുകയും കൊയ്യുകയും ചെയ്തുകൊണ്ട് സാംസ്‌കാരിക ജീവിതത്തിന്റെ വ്യത്യസ്ത ഭൂമികയിൽ എം.ടി ഒരു വിരാട് പുരുഷനെപ്പോലെ നിറഞ്ഞു നിന്നു. കഴിഞ്ഞ ഏഴു പതിറ്റാണ്ടിലെ മലയാളിയുടെ അക്ഷര ജീവിതത്തേയും സ്വത്വ ബോധത്തെയും ആത്മാഭിമാനത്തെയും രണ്ടക്ഷരങ്ങളിലേക്ക് സംക്ഷേപിച്ചാൽ എം.ടി എന്ന് വായിക്കാം.  എം.ടി കഥാപാത്രങ്ങളിൽ പലതിലും മലയാളി അവനവനെ തന്നെ കണ്ടു. 

 സാഹിതീയ  സൗന്ദര്യത്തിന്റെ അമൂല്യഖനി

ലയാളത്തിലെ സാഹിത്യ പത്രപ്രവർത്തനത്തിന് മറ്റൊരു മാനം നൽകിയ ആളാണ് എം.ടി.  അദ്ദേഹത്തിന്റെ പത്രാധിപത്യത്തിൽ മാതൃഭൂമി ആഴച്ചപ്പതിപ്പ് പല പല ഭാവുകത്വ പരിണാമങ്ങളിലൂടെ കടന്നുപോയി.  തിരൂരിലെ തുഞ്ചൻ പറമ്പ് കേരളത്തിലെ ഒരു സാംസ്‌കാരിക സ്ഥലമായി വളർന്നത് എം.ടി അതിന്റെ ചെയർമാനായതുമുതലാണ്. തൻ്റെ സർഗജീവിതത്തിന്റെ വലിയൊരു സമയവും ഊർജവുമാണ് തിരൂർ തുഞ്ചൻ പറമ്പിനു വേണ്ടി അദ്ദേഹം മാറ്റിവച്ചത്.  എം.ടി എന്ന രണ്ടക്ഷരത്തെയോർത്ത് എക്കാലത്തും മലയാള ഭാഷയും മലയാളിയും അഭിമാനിക്കും. അതൊരു സ്വകാര്യ അഹങ്കാരമായി മലയാളത്തിന്റ്രെ തലമുറകൾ മനസ്സിൽ സൂക്ഷിക്കും.  

തുഞ്ചത്തെഴുത്തച്ഛനിൽ തുടങ്ങുന്ന മലയാളസാഹിത്യ പാരമ്പര്യത്തിൽ എത്രയെത്ര ഉജ്ജ്വല നക്ഷത്രങ്ങളാണ് ഇത പര്യന്തം വിളങ്ങിയത്. എംടിയെന്ന ദ്വയാക്ഷരിയായി  ആ എഴുത്തുകാരൻ മലയാളത്തിന്റെ നിത്യാഭിമാനമായി.  മലയാള സാഹിത്യത്തിലെ ആധുനികതയുടെ പതാകവാഹകനുമായി എം.ടിയുടെ കഥാലോകം ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ സാഹിതീയ  സൗന്ദര്യത്തിന്റെ അമൂല്യഖനിയാണ്. 

കൂടല്ലൂർ എന്ന സ്വന്തം ഭൂമികയിൽ നിന്ന് എം.ടി തെരഞ്ഞെടുത്ത അനേകം ഗാഥകൾ. ഏകാകിയുടെയും പരാജിതരുടെയും ഭാഗ്യഹീനരുടെയും തീരാക്കഥകൾ. ഭ്രാന്തൻ വേലായുധനെയും കുട്ട്യേടത്തിയേയും പോലുള്ള അനശ്വര കഥാപാത്രങ്ങൾ. നാട്ടിൻ പുറത്തിന്റെയും നാലുകെട്ടുകളുടേയും കഥകളാവുമ്പോൾ തന്നെ സമൂഹത്തിലെയാകെ മനുഷ്യ മഹാ ദുരന്തങ്ങൾ അവയിൽ നിഴലിക്കുന്നു എന്നത് എം.ടിയെ  മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനാക്കി. അദ്ദേഹത്തിന്റെ കഥകളൊന്നുപോലും മനസ്സിലൊരു നൊമ്പരപ്പൊട്ടു തീർക്കാതിരുന്നിട്ടില്ല. 

ചലച്ചിത്ര കലയിലും എം.ടി നിസ്തുലമായ കൈയ്യൊപ്പ് പതിപ്പിച്ചു.  നിർമാല്യത്തിലെ വെളിച്ചപ്പാടും ഒരു വടക്കൻ വീരഗാഥയിലെ ചന്തുവുമൊക്കെ എം.ടിക്കുമാത്രം സൃഷ്ടിക്കാനാകുന്ന അഭ്രനായകരായിരുന്നു.  അദ്ദേഹത്തിന്റെ കരസ്പർശം ഏറ്റിട്ടുള്ള ചലച്ചിത്ര പരിശ്രമങ്ങളിലേതിനെങ്കിലും പുരസ്‌കാരങ്ങൾ ലഭിക്കാതെ പോയിട്ടുണ്ടോ എന്നതു സംശയമാണ്.  സിനിമ അദ്ദേഹത്തിന് സൃഷ്ടിപരതയുടെ ഒരു ഇഷ്ടതലമായിരുന്നു. 

സാഹിത്യ പത്രാധിപർ എന്ന നിലയിലുള്ള എം.ടി യുടെ സംഭാവന സർഗ്ഗ കേരളത്തെ ഒട്ടൊന്നുമല്ല സമ്പുഷ്ടമാക്കിയത്.  തനിക്കു പുറകേ വന്ന തലമുറയിലെ വിഖ്യാതരായ പല എഴുത്തുകാരേയും വളർത്തുകയും രൂപപ്പെടുത്തുകയും ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു.  മലയാള സാഹിത്യ മണ്ഡലത്തിൽ ഉത്തുംഗമായൊരു ഇരിപ്പിടം സ്വന്തമാക്കി മഹാപ്രതിഭാശാലിയായ എം.ടി വാസുദേവൻ നായർ 2024 ഡിസംബർ 26നാണ് പരലോക പ്രാപ്തനായത്.

തയ്യാറാക്കിയത് - സുരേഷ് അന്നമനട

Leave A Comment