മുന്‍ ഐഎസ്ആര്‍ഓ ചെയര്‍മാന്‍ കെ കസ്തൂരിരംഗന്‍ അന്തരിച്ചു
കൊച്ചി: മുന്‍ ഐഎസ്ആര്‍ഓ ചെയര്‍മാന്‍ കെ കസ്തൂരിരംഗന്‍ അന്തരിച്ചു. 84 വയസായിരുന്നു. 9 വര്‍ഷം ഐഎസ്ആര്‍ഓയുടെ മേധാവിയായിരുന്നു. ദേശീയ വിദ്യാഭ്യാസനയം രൂപികരിക്കുന്നതിലും വലിയ പങ്ക് വഹിച്ചു.
ഇന്ത്യന്‍ ശാസ്ത്രരംഗത്തെ ഒരു അതികായനും കൂടി ഓര്‍മയായി. കൊച്ചിയില്‍ ജനിച്ച്, മുംബൈയില്‍ ഉപരിപഠനംപൂര്‍ത്തിയാക്കിയ കസ്തൂരിരംഗന്‍ ഇസ്രോയുടെ ആദ്യ ബാച്ച് അംഗം കൂടിയാണ്. 1994 മുതല്‍ 2003 വരെ ഇസ്രോ മേധാവിയായി സേവനമനുഷ്ഠിച്ച കസ്തൂരിരംഗന്‍, നമ്പി നാരായണന്‍ ഉള്‍പ്പെട്ട ചാരക്കേസില്‍ രാജ്യത്ത് വിവാദം പുകയുമ്പോഴും അതിന്റെ അലയടികള്‍ ഇസ്രോയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാന്‍ വലിയ രീതിയില്‍ ശ്രദ്ധ ചെലുത്തിയിരുന്നു.
ഇന്ത്യ വിജയകരമായി വിക്ഷേപിച്ച ഉപഗ്രഹങ്ങളായ ഇന്‍സാറ്റ്-2, റിമോട്ട് സെന്‍സിംഗ് ഉപഗ്രഹങ്ങളായ ഐ.ആര്‍.എസ് 1എ, 1ബി, ഭൂനിരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്‌കര 1, ഭാസ്‌കര 2 തുടങ്ങിയവ കസ്തൂരിരംഗന്റെ ഇസ്രോ സേവനകാലത്തെ നേട്ടങ്ങളാണ്. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് രൂപീകരിക്കപ്പെട്ട, കസ്തൂരിരംഗന്‍ അധ്യക്ഷനായ കമ്മറ്റി മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഇന്നും ചര്‍ച്ചാവിഷയമാണ്.
ദേശീയ വിദ്യഭ്യാസനയത്തിന്റെ പരിഷ്‌കരണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കമ്മറ്റിയുടെ അധ്യക്ഷനും കസ്തൂരിരംഗന്‍ തന്നെയായിരുന്നു. മുന്‍ രാജ്യസഭാംഗം കൂടിയായ കസ്തൂരിരംഗനെ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. വിട വാങ്ങിയത് കേവലം ഒരു ശാസ്ത്രഞ്ജന്‍ മാത്രമല്ല, രാജ്യം ശാസ്ത്രരംഗത്ത് കെട്ടിപടുത്ത സാമ്രാജ്യത്തിന് അടിത്തറ പാകിയ മഹാപ്രതിഭകളില്‍ ഒരാള്‍ കൂടിയാണ്...
Leave A Comment